മംഗൽപാടിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ്

ഉപ്പള ∙ മംഗൽപാടി പഞ്ചായത്തിൽപ്പെട്ട ദേശീയപാതയോരങ്ങളിൽ മാലിന്യം തള്ളുന്നതു തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് റിസ്വാന സാബിർ പറഞ്ഞു. പഞ്ചായത്ത് ഇടപെട്ട് പല തവണ മാലിന്യം നീക്കിയാലും വീണ്ടും മാലിന്യം കൊണ്ടിടുന്ന സ്ഥിതിയാണ്. 3 ആഴ്ച മുൻപ് ഇവിടെ നിന്നു മാലിന്യം നീക്കിയിരുന്നു. എന്നാൽ പിന്നെയും ഇവിടെ മാലിന്യം കൊണ്ടുവന്നു തള്ളുകയാണ്. മംഗൽപാടി പഞ്ചായത്തിന്റെ സമീപ പഞ്ചായത്തുകളിൽ നിന്നുള്ളവരും ഇവിടെ മാലിന്യമെത്തിക്കുന്നു. പല തവണ നീക്കിയിട്ടും ഈ പ്രശ്നത്തിനു ശാശ്വത പരിഹാരം ഇല്ല.
വിവിധ സ്ഥലങ്ങളിൽ നിന്ന് ഇവിടെ മാലിന്യമെത്തിക്കുന്ന ഏജൻസികൾ തന്നെയുണ്ട്.ദേശീയപാതയ്ക്കു സമീപം സിസിടിവി ക്യാമറ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഈ വാർഷിക പദ്ധതിയിൽ തന്നെ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നതാണ്. എന്നാൽ ദേശീയപാത വികസനം നടക്കുന്നതിനാൽ ഇപ്പോൾ ഇവിടെ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതടക്കമുള്ളവ പ്രായോഗികമല്ല. ഇപ്പോൾ ക്യാമറ സ്ഥാപിച്ചാലും റോഡ് പണി നടക്കുന്നതിനാൽ ഫലപ്രദമാവില്ല.–പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്ത് സ്വീകരിച്ച മറ്റു നടപടികൾ
∙ മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്ത ഫ്ലാറ്റുകൾക്ക് ഇവ ഉടനെ സ്ഥാപിക്കാൻ നോട്ടിസ് നൽകും.
∙ നിലവിൽ ഇവിടെ മാലിന്യം കൊണ്ടുവന്നു തള്ളിയ 300 പേർക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. ഇതിൽ 30 വാഹനങ്ങളിൽ നിന്ന് 3000 രൂപ വരെ പിഴ ഈടാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ പിഴ അടച്ചശേഷം ആണ് പൊലീസ് സാന്നിധ്യത്തിൽ തിരികെ കൈമാറിയത്.
∙ പ്രദേശത്തെ ഫ്ലാറ്റുകളിലേക്ക് ബയോ ബിൻ നൽകും.
∙ കടകളിൽ റി കംപോസ്റ്റ് സംവിധാനം നടപ്പാക്കും.
∙ ജനുവരി 31നു ശേഷം പ്ലാസ്റ്റിക് ഉപയോഗിക്കാൻ പാടില്ലെന്ന് കച്ചവട സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.
∙ മാലിന്യം തള്ളിയ 3 ഹോട്ടലുകൾക്കെതിരെയും നടപടിയെടുക്കും

