KSDLIVENEWS

Real news for everyone

ഡല്‍ഹി മുഖ്യമന്ത്രി ആര്? സസ്‌പെന്‍സ് തുടരുന്നു; 20-ന് സത്യപ്രതിജ്ഞ

SHARE THIS ON

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയത്തിലൂടെ ഡല്‍ഹി ഭരണം പിടിച്ച ബി.ജെ.പി. മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാകക്ഷി യോഗം 19-നാണ് ചേരുക. അന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് 20-ന് സത്യപ്രതിജ്ഞ നടത്താനാണ് ശ്രമിക്കുന്നത്. ഡല്‍ഹിയിലെ രാംലീല മൈതാനത്താകും സത്യപ്രതിജ്ഞ. മൈതാനത്തിനായി 20-ാം തിയതിയിലേക്ക് ബി.ജെ.പി. അനുമതി തേടിയിട്ടുണ്ട്. ബി.ജെ.പി. ജനറല്‍ സെക്രട്ടറിമാരായ വിനോദ് താവ്‌ഡെ, തരുണ്‍ ചുഗ് എന്നിവര്‍ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചുമതല. രാം ലീല മൈതാനം ലഭിച്ചില്ലെങ്കില്‍ യമുനാ തീരത്തോട് ചേര്‍ന്ന ജവര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും സത്യപ്രതിജ്ഞാ ചടങ്ങിനായി പരിഗണിക്കുന്നുണ്ട്.

നാളെയായിരുന്നു ബി.ജെ.പി. നിയമസഭാ കക്ഷി യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍, 19-ാം തിയതിയിലേക്ക് മാറ്റുകയായിരുന്നു. നീണ്ട 27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ ബി.ജെ.പി. അധികാരത്തിലെത്തുന്നത്. അതിനാല്‍ തന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി. മുഖ്യമന്ത്രിമാര്‍, എന്‍.ഡി.എ. നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, സിനിമ- ക്രിക്കറ്റ് താരങ്ങള്‍, ആത്മീയ നേതാക്കള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുള്ള വലിയ പരിപാടിക്കാണ് ഒരുങ്ങുന്നത്.

അതേസമയം, ഇത്രയൊക്കെ ഒരുക്കം നടക്കുന്നുണ്ടെങ്കിലും ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അപ്രതീക്ഷിത മുഖ്യമന്ത്രിയാകും വരികയെന്നാണ് അഭ്യൂഹങ്ങള്‍. കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേഷ് ശര്‍മ, മുന്‍ ബി.ജെ.പി. ഡല്‍ഹി പ്രസിഡന്റ് സതീഷ് ഉപാധ്യായ, പാര്‍ട്ടിയുടെ പഞ്ചാബി മുഖമായ ആശിഷ് സൂദ്, ജിതേന്ദ്ര മഹാജന്‍, വിജേന്ദര്‍ ഗുപ്ത തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്. 70 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 സീറ്റുകളാണ് ബി.ജെ.പി. നേടിയത്. ഭരണകക്ഷിയായിരുന്ന എ.എ.പി. 22 സീറ്റുകളില്‍വിജയിച്ചു. ഇത്തവണയും കോണ്‍ഗ്രസിന് സീറ്റുകളൊന്നും കിട്ടിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!