കെ- റെയില്‍ വിരുദ്ധ പ്രതിഷേധം; സമര സമിതിയുടെ ജാഥ തുടരുന്നു

കെ റെയിലിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെ പദ്ധതിക്കെതിരെ ശക്തമായ പ്രചാരണത്തിലാണ് ജനകീയ സമര സമിതി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം വാഹന പ്രചരണ ജാഥയും സമരസമിതി തുടരുകയാണ്. ഈ മാസം ഒന്നിന് കാസര്‍കോട് നിന്ന് ആരംഭിച്ച ജാഥ 24ന് തിരുവനന്തപുരത്ത് സമാപിക്കും.
‘ കെ റെയില്‍ വേണ്ട കേരളം മതി ‘ എന്ന മുദ്രാവാക്യയമുയര്ത്തിയാണ് കെ റെയില്‍- സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സമര ജാഥ നടക്കുന്നത്. കെ റെയില്‍ കടന്ന് പോകുന്ന എല്ലാ ജില്ലകളിലെയും പ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്ന ജാഥ പദ്ധതിക്കെതിരെ ശക്തമായ പ്രചാരണങ്ങളാണ് നടത്തുന്നത്. ലഘുലേഖ – പുസ്തകവിതരണങ്ങള്ക്കൊപ്പം സാംസ്കാരിക പരുപാടികളും സമര ജാഥയുടെ ഭാഗമാണ്.
മാര്‍ച്ച് ഒന്നിന് കാസര്‍കോട് നിന്നും ആരംഭിച്ച ജാഥക്ക് സമരസമിതി പ്രവര്‍ത്തകരായ എം പി ബാബുരാജ് , എസ് രാജീവന് , ടി . ടി ഇസ്മായില്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്. ഇതിനോടകം പത്ത് ജില്ലകള്‍ പിന്നിട്ട ജാഥക്ക് ജനങ്ങളില്‍ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
ആലപ്പുഴ , കൊല്ലം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം ഈ മാസം 24ന് തിരുവനന്തപുരത്താണ് ജാഥ സമാപിക്കുന്നത്. അന്നേ ദിവസം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയും സാംസ്കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്താനും ജനകീയ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

