12.8 ലക്ഷം സമ്മാനം ലഭിച്ചെന്ന സന്ദേശം; വീട്ടമ്മക്ക് സ്ക്രാച്ച് കാര്‍ഡ് അയച്ച് പണംതട്ടാന്‍ ശ്രമം

നെടുങ്കണ്ടം: ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയ വീട്ടമ്മയുടെ വിലാസത്തിലേക്ക് ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയുടേതെന്ന വ്യാജേന സ്ക്രാച്ച് കാര്‍ഡ് രജിസ്റ്റേര്‍ഡായി അയച്ചുനല്‍കി തട്ടിപ്പിന് ശ്രമം. തപാലില്‍വന്ന കത്തും സ്ക്രാച്ച് കാര്‍ഡും തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ പണംനഷ്ടമാകാതെ വീട്ടമ്മ രക്ഷപ്പെട്ടു.
നെടുങ്കണ്ടം മുല്ലവേലില്‍ എം.എസ്.ഷാജിയുടെ ഭാര്യ മിനി ഷാജിയുടെ പേരിലാണ് തിങ്കളാഴ്ച ഓണ്‍ലൈന്‍ വ്യാപാരശൃംഖലയുടെ പേരും ലോഗോയുമുള്ള കത്തും സ്ക്രാച്ച് കാര്‍ഡും വന്നത്. വീട്ടമ്മ കാര്‍ഡ് ചുരണ്ടിയപ്പോള്‍ കണ്ടത് 12.8 ലക്ഷം രൂപ സമ്മാനം ലഭിച്ചെന്ന സന്ദേശം. കത്തുലഭിച്ചതിന് പിന്നാലെ സമ്മാനം ലഭിച്ചതായി വിവരിക്കുന്ന ഒരുസന്ദേശവും വീട്ടമ്മയുടെ മൊബൈലിലേക്ക് വന്നു.
കാര്യമെന്താണെന്ന് മനസ്സിലാകാഞ്ഞതിനാല്‍ കത്തും കാര്‍ഡും വീട്ടമ്മ പൊതുപ്രവര്‍ത്തകനായ ഭര്‍ത്താവ് ഷാജിക്ക് കൈമാറി. ഷാജി സന്ദേശം അയച്ച നമ്പരിലേക്ക് തിരികെ വിളിച്ചപ്പോള്‍, ഓണ്‍ലൈന്‍ വ്യാപാരശൃംഖലയിലെ ജീവനക്കാരാണെന്ന രീതിയില്‍ മലയാളവും ബംഗാളിയുംകലര്ന്ന ഭാഷയില്‍ ഒരാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. താങ്കള്‍ക്ക് 12.8 ലക്ഷം രൂപ സമ്മാനം ലഭിച്ചെന്നും തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതിനായി അക്കൗണ്ട് വിവരങ്ങളും യു.പി.ഐ. ഇടപാടിലൂടെ 12,000 രൂപയും അയാള്‍ ആവശ്യപ്പെട്ടു.

