കോണ്‍ഗ്രസില്‍ ‘തിരുത്തല്‍’ നീക്കം ശക്തം; 24 മണിക്കൂറിനിടെ രണ്ടാംവട്ടം യോഗം ചേര്‍ന്ന് ജി-23 നേതാക്കള്‍

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ 24 മണിക്കൂറിനിടെ രണ്ടാംവട്ടം യോഗം ചേര്‍ന്ന് കോണ്‍ഗ്രസിലെ ജി23 നേതാക്കള്‍. കപില്‍ സിബല്‍, ഭൂപീന്ദര്‍ ഹൂഡ, ജനാര്‍ദ്ധന്‍ ദ്വിവേദി എന്നിവരടങ്ങുന്ന സംഘം മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ വീട്ടിലാണ് യോഗം ചേരുന്നത്. ഇന്ന് കാലത്ത് രാഹുല്‍ഗാന്ധിയുമായി ഹൂഡ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അവലോകന യോഗമാണ് നടക്കുകയെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ഗുലാം നബി ആസാദ് സോണിയാ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചു. ഇന്നലെ ചേര്‍ന്ന യോഗത്തിന്റെ വിവരങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.
ഇന്നലെ കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ, അഖിലേഷ് പ്രസാദ് സിങ്, പൃഥ്വിരാജ് ചവാന്, പി.ജെ കുര്യന്, മണിശങ്കര്‍ അയ്യര്‍, ശശി തരൂര്‍ തുടങ്ങിയവര്‍ ഗുലാം നബി ആസാദിന്റെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ജി 23 ഗ്രൂപ്പിലെ ചില നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. നേതൃമാറ്റം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായെങ്കിലും പ്രവര്‍ത്തകസമിതി യോഗത്തില്‍ അവര്‍ വിഷയം ഉന്നയിച്ചിരുന്നില്ല. അശോക് ഗെഹ്ലോട്ട് നടത്തിയ അനുനയ ശ്രമങ്ങളെ തുടര്‍ന്നാണ് ജി 23 നേതാക്കള്‍ സംയമനം പാലിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പ്രവര്‍ത്തകസമിതിയില്‍ സോണിയാ ഗാന്ധി തുടരാന്‍ തീരുമാനിച്ചതിന് പിന്നാലെ കപില്‍ സിബല്‍ ‘ഇന്ത്യന്‍ എക്സ്പ്രസിന്’ നല്കിയ അഭിമുഖത്തില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു.
അതേസമയം, അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഗാന്ധി കുടുംബം മാത്രമല്ല ഉത്തരവാദികളെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞിരുന്നു. അഖിലേന്ത്യ, സംസ്ഥാനം, ജില്ല, ബ്ലോക്ക് എന്നീ തലങ്ങളിലായി നേതൃപദവിയിലുള്ളവരെല്ലാം പരാജയത്തിന് ഉത്തരവാദികളാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജി23 വിമതര്‍ പാര്‍ട്ടിയെ വിഘടിപ്പിക്കരുതെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ചിദംബരം ആവശ്യപ്പെട്ടു. ഗോവയുടെ ചുമതലയുണ്ടായിരുന്ന താന്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തത് പോലെ ഗാന്ധി കുടുംബവും ഉത്തരവാദിത്വം ഏറ്റിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സോണിയാ ഗാന്ധി തന്റെ മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവരോടൊപ്പം നേതൃസ്ഥാനത്ത് നിന്ന് മാറിനില്ക്കാന് സന്നദ്ധത പ്രകടിപ്പിച്ചത് മറ്റു പല നേതാക്കളെയും പോലെ ചിദംബരവും സ്ഥിരീകരിച്ചു. എന്നാല്‍ പ്രവര്‍ത്തക സമിതി അത് സ്വീകരിച്ചില്ലെന്നും ഉടന്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്തുക മാത്രമാണ് പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അത് ആഗസ്റ്റിലാണ് നടപ്പാകുകയെന്നും അതുവരെ സോണിയ നയിക്കുമെന്ന് താനുള്‍പ്പെടെയുള്ളവര്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

