‘ നിങ്ങള്‍ ദുഃഖിക്കും; നന്ദിഗ്രാമും സിംഗൂരും മറക്കരുത്’- കെ റെയിലിലെ പൊലീസ് അതിക്രമത്തിനെതിരെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം

കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ റെയില്‍ പ്രതിഷേധത്തിനിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്കില്‍ പേജില്‍ പ്രതിഷേധം.
മലയോര ഹൈവേയുമായി ബന്ധപ്പെട്ട പോസ്റ്റിന്റെ കമന്റ് ബോക്സിലാണ് പ്രധാനമായും പ്രതിഷേധ കമന്റുകള്‍ വരുന്നത്.
‘ സമരം ചെയ്യുന്ന സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോകുന്ന പൊലീസ്. നന്ദീഗ്രാമും സിoഗൂരും മറക്കരുത് സാര്‍, ഒരു വനിതാ മതില് കൂടി സംഘടിപ്പിക്കേണ്ടി വരും’- എന്നാണ് ഒരു കമന്റ്.
‘ നിങ്ങള്‍ക്കു വോട്ടു ചെയ്ത അണികള്‍ പോലും വെറുത്തു പോകുന്ന ചെയ്തികളാണ് നിങ്ങള്‍ കാണിച്ചു കൊണ്ടിരിക്കുന്നത്.. നാടിനു വേണ്ടാത്ത വികസനത്തിന്റെ പേരില്‍ വനിതാ മതില് പണിത അതേ നാട്ടില്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വലിച്ചിഴയ്ക്കുന്ന ഈ ആഭാസത്തരമുണ്ടല്ലോ അതോര്‍ത്തു താങ്കള്‍ ദുഖിക്കുന്ന കാലം വിദൂരമല്ല..!’ എന്ന് മറ്റൊരാള്‍ കുറിച്ചു.
കിടപ്പാടം നഷ്ടപ്പെടുന്ന വേദന ആരും മനസിലാക്കും എന്ന് നിരവധി പേര് കുറിച്ചിട്ടുണ്ട്.
‘ സര്‍വേ കല്ലിട്ട ഒരു ഭൂമി ക്രയ വിക്രയം ചെയ്യാന്‍ ആകില്ല , ഒരു കെട്ടിടം പണിയാന്‍ ആകില്ല , വസ്തു പണയപ്പെടുത്തി ഒരു വായ്പ തരപ്പെടുത്താന്‍ ആകില്ല ,ഒരു ബ്ലേഡുകാരന് പോലും ആ ഈടില്‍ പണം നല്‍കില്ല .. സര്‍വേ ഇട്ട കല്ല് ഇട്ടു പോയിട്ട്, പദ്ധതി നടക്കാതെ പതിറ്റാണ്ടുകളായി ഇങ്ങനെ കിടക്കുന്ന ഭൂമി എത്രയോ ഉണ്ട് ….ആ ഭൂമി ഓരോ മനുഷ്യ ജീവനുകളില്‍ എത്ര സ്വാധീനം ചെലുത്തുന്നു എന്നറിയണമെങ്കില്‍ സ്വന്തം പറമ്ബില്‍ കല്ല് വീഴണം …. ആരോട് പറയാന്‍ .. ആര് കേള്‍ക്കാന്‍ …’ – എന്ന ആശങ്കയും ചിലര്‍ പങ്കുവെക്കുന്നുണ്ട്.
‘ അധികാരത്തിന്റെ അഹന്ത മുഖ്യമന്ത്രി കാണിക്കരുത്. അങ്ങ് ദാഷ്ട്യം അവസാനിപ്പിക്കണം. കെ റെയില്‍ പദ്ധതിയുടെ പേരില്‍ പോലീസിനെ ഉപയോഗിച്ച് കേരളത്തിലെ സാധാരണ ജനങ്ങളെ അടിച്ചമര്‍ത്തരുത്. സമരം ചെയ്യുന്നത് മുഴുവന്‍ കോണ്‍ഗ്രസുകാരും ബിജെപിക്കാരും അല്ല എന്ന തിരിച്ചറിവ് അങ്ങേക്ക് ഉണ്ടാകണം.’ – ചിലര്‍ എഴുതി
‘ ഒരു സൈഡില്‍ കൂടെ… ആരുടെയൊക്കെയോ വാക്ക് കേട്ടു മണ്ണെണ്ണയും തീയും കല്ല് പിഴുതലും നാടകവും നടക്കട്ടെ. Cm ധൈര്യമായി മുന്നോട്ടു പോകുക സഖാവിന്റെ കൂടെ ഈ നാട്ടിലെ യുവ തലമുറയും വരും തലമുറയും കൂടെ കാണും. കാരണം നമ്മള്‍ക്ക് ഈ വികസനം വന്നേ തീരു. ? കൂടെയുണ്ട് കട്ട സപ്പോര്‍ട്ട് ??
എന്റെ വീട് ആണെങ്കില്‍ കൊടുക്കും.. പണ്ട് എന്റെ അച്ഛന് അപ്പൂപ്പന്മാര് വിട്ട് കൊടുത്ത സ്ഥലം തന്നെ ഇന്ന് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ പോകുന്ന ഹൈവേ യും തിരുവനന്തപുരം അന്താരാഷ്ട്ര എയര്‍പോര്‍ട്ടും.’ എന്ന രീതിയിലുള്ള ചില കെ റെയില്‍ അനുകൂല കമന്റുകളും ഇടക്ക് വരുന്നുണ്ട്.
ചങ്ങനാശേരിക്ക് സമീപം മാടപ്പള്ളിയില്‍ കെ-റെയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ സ്ത്രീകളെയും കുട്ടികളേയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ചിരുന്നു. ഒരു മണിക്കൂര്‍ നീണ്ട സംഘര്‍ഷാവസ്ഥക്ക് ശേഷം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കോട്ടയത്തെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി. ചങ്ങനാശേരിയില്‍ നാളെ ജനകീയ സമരസമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണു ഹര്‍ത്താല്‍.ഹര്‍ത്താലിന് യു.ഡി.എഫും ബിജെപിയും എസ് യു സിഐയും പിന്തുണ പ്രഖ്യാപിച്ചു.
അറസ്റ്റ് ചെയ്ത കെ-റെയില്‍ പ്രതിഷേധക്കാരെ വിട്ടയക്കണമെന്നാവശ്യപ്പട്ട് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉപരോധം തുടരുകയാണ്. ഉപരോധത്തിനിടെ പോലീസ് സ്റ്റേഷനു മുന്നില്‍ പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സമരസമിതി നേതാക്കളായ ബാബു കുട്ടഞ്ചിറ, വി. ജെ. ലാല്‍, മാത്തുകുട്ടി പ്ലാത്താനം എന്നിവര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. സര്‍വേക്കെതിരെ പ്രതിഷേധിച്ച സ്ത്രീകള്‍ മണ്ണെണ്ണയോഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇവരെ ക്രൂരമായാണ് പൊലീസ് നേരിട്ടത്. സ്ത്രീകളേയും കുട്ടികളേയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്.

