ആറളത്ത് വിറുകുശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂർ ∙ ആറളം ഫാമിൽ വിറകുശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാമിലെ രഘുവാണ് (43) കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 2 മണിയോടെ പത്താം ബ്ലോക്കിലായിരുന്നു ആക്രമണം. പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ നഷ്ടമായി. പോസ്റ്റ്മോർട്ടം നടപടികൾക്കായി രഘുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. രഘുവിന്റെ ഭാര്യ മൂന്ന് വർഷം മുൻപ് തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. മക്കൾ: രഹ്ന, രഞ്ജിനി, വിഷ്ണു. ആറളം ഫാം മേഖലയിൽ കാട്ടാനയുടെ ശല്യം അതിരൂക്ഷമാണ്. ഇതുവരെ 12 പേരാണ് ഈ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വന്യജീവി ശല്യം പരിഹരിക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

