KSDLIVENEWS

Real news for everyone

പണപ്പിരിവ് തര്‍ക്കം വഴിവെച്ചത് ദാരുണ കൊലപാതകത്തില്‍; മണ്ണാര്‍ക്കാട് ഇരട്ടക്കൊലയില്‍ ഒടുവില്‍ നീതി

SHARE THIS ON

മണ്ണാര്‍ക്കാട്: 2013 നവംബര്‍ 20 ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന് കാഞ്ഞിരപ്പുഴയിലെ കല്ലാങ്കുഴി സാക്ഷിയാവുന്നത്. നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍നിന്നിറങ്ങിയ സഹോദരങ്ങളുടെ ദാരുണമായ മരണവാര്‍ത്തയാണ് നാട്ടുകാര്‍ കേട്ടത്. സഹോദരങ്ങള്‍ ഇരുവരെയും ഏറെ നേരമായി കാണാതായതിനെത്തുടര്‍ന്ന് തിരഞ്ഞെത്തിയ മൂത്ത സഹോദരനായ കുഞ്ഞുമുഹമ്മദിനും വെട്ടുകൊണ്ട് ആഴത്തില്‍ മുറിവേറ്റു. ഭാഗ്യംകൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്.


കൊല നടന്ന് മാസങ്ങളോളം കല്ലാങ്കുഴി പോലീസ് നിരീക്ഷണത്തിലായിരുന്നു. സേവനപ്രവര്‍ത്തനങ്ങളിലൂടെ ഒരുപാടുപേര്‍ക്ക് താങ്ങായി നിന്നവരാണ് മരിച്ച കുഞ്ഞുഹംസയും നൂറുദ്ദീനുമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. 2012-ല്‍ പള്ളിയിലെ പണപ്പിരിവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കേസ്.

കൊലപാതകം നടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം 2016-ലാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും നിരവധി നീക്കങ്ങള്‍ നടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഒമ്പത് വര്‍ഷങ്ങള്‍ വലിയ പോരാട്ടങ്ങളുടേതായിരുന്നെന്നും ഒടുവില്‍ നീതി ലഭിച്ചതില്‍ സന്തോഷമുള്ളതായും നൂറുദ്ദീന്റെയും കുഞ്ഞുഹംസയുടെയും സുഹൃത്തായ മൊയ്തുണ്ണി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!