മോദി നേതാവായിരിക്കെ ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കും: മറ്റാരെങ്കിലുമാണെങ്കിൽ ഉറപ്പില്ല; ട്രംപ്

എവിയാൻ-ലെ-ബെയ്ൻസ് (ഫ്രാൻസ്): പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഭരണത്തിൽ തുടരുന്നിടത്തോളം കാലം, രാജ്യത്തിന് അമേരിക്കയുടെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യം ഏതെങ്കിലും തരത്തിലുള്ള ആക്രമണം നേരിട്ടാൽ സഹായിക്കാൻ അമേരിക്ക മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന ഉഭയകക്ഷി ചർച്ചയിലാണ് മോദിയോടുള്ള സൗഹൃദവും രാജ്യത്തോടുള്ള പിന്തുണയും ട്രംപ് പരസ്യമാക്കിയത്.
“ഇരുരാജ്യങ്ങളും തമ്മിൽ മികച്ചൊരു ബന്ധമാണുള്ളത്. ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ ഞങ്ങൾ അവിടെയുണ്ടാകും. ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരു കരാറില്ല. പക്ഷേ, ഇന്ത്യ ആക്രമിക്കപ്പെടുകയും മോദി നേതാവായി തുടരുകയും ചെയ്താൽ യു.എസ്. സഹായത്തിനെത്തും. തീർച്ചയായും ഞങ്ങൾ കൂടെയുണ്ടാകും. ആ മനുഷ്യനെ ആരെങ്കിലും ആക്രമിച്ചാൽ ഞങ്ങൾ കൂടെയുണ്ടാകും. മറ്റൊരു നേതാവാണ് ഭരിക്കുന്നതെങ്കിൽ എനിക്ക് ഉറപ്പില്ല. എന്നാൽ മോദിയാണ് ഭരണത്തിലെങ്കിൽ ഞങ്ങൾ തീർച്ചയായും സഹായിക്കും.”- ട്രംപ് പറഞ്ഞു.
താൻ ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃത്താണെന്ന് വ്യക്തമാക്കിയ ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രിക്ക് വാഷിങ്ടണിൽ വലിയ ആദരവാണുള്ളതെന്നും കൂട്ടിച്ചേർത്തു. “ഞാൻ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഇന്ത്യയ്ക്ക് വൈറ്റ് ഹൗസിൽ വലിയൊരു സുഹൃത്തുണ്ടാകും. ഇവിടെ എല്ലാവരും ഇന്ത്യയെ സ്നേഹിക്കുന്നു. ഒപ്പം നരേന്ദ്ര മോദിയെന്ന ഈ മനുഷ്യനോട് എല്ലാവർക്കും വലിയ ബഹുമാനമാണുള്ളത്.”- അദ്ദേഹം വ്യക്തമാക്കി.
വ്യാപാര-ഭൗമരാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കെ 16 മാസങ്ങൾക്ക് ശേഷമാണ് ഇരുനേതാക്കളും ചർച്ച നടത്തുന്നത്. നേരത്തേ, വ്യാപാര നികുതി തർക്കങ്ങളാൽ ഇന്ത്യ-യു.എസ്. നയതന്ത്രബന്ധം ഉലഞ്ഞിരുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണവും ബന്ധത്തെ ബാധിച്ചു. ഈ പശ്ചാത്തലത്തിൽ സുപ്രധാന ചുവടുവെപ്പാണ് പുതിയ കൂടിക്കാഴ്ച. ചൊവ്വാഴ്ച നടന്ന ജി7 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും ആദ്യം കണ്ടുമുട്ടിയതും സൗഹൃദം പങ്കുവെച്ചതും.

