KSDLIVENEWS

Real news for everyone

ബിഹാറിലെ പുതിയ സര്‍ക്കാരില്‍ നിരവധി മന്ത്രിമാര്‍ കോടിപതികളും ക്രിമിനല്‍ കേസുള്ളവരും

SHARE THIS ON

പട്‌ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പുതിയ മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും കോടിപതികളോ ക്രിമിനല്‍ കേസുകള്‍ ഉള്ളവരോ ആണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ന്റെ റിപ്പോര്‍ട്ട്. 31 അംഗങ്ങളെ ഉള്‍പ്പെടുത്തി ചൊവ്വാഴ്ചയാണ് നിതീഷ് കുമാര്‍ മന്ത്രിസഭ വിപുലീകരിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയിലെ അംഗങ്ങളുടെ വിവരങ്ങള്‍ എഡിആര്‍ പുറത്തുവിട്ടിട്ടുള്ളത്. മന്ത്രിസഭയിലെ നിലവിലെ അംഗങ്ങളില്‍ 84 ശതമാനം പേര്‍ കോടീശ്വരന്‍മാരാണെന്നും 53 ശതമാനം പേര്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കുറ്റങ്ങളുണ്ടെന്നും എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 31 മന്ത്രിമാരില്‍ 23 പേര്‍ ക്രിമിനല്‍ കേസുള്ളവരാണ്. ഇതില്‍ 17 പേര്‍ ഗുരുതരകുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവരാണെന്ന് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആര്‍ജെഡിയില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗം. ജെഡിയുവിന്റെ നാലംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. പരമാവധി അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതും ജാമ്യം ലഭിക്കാത്തതുമായ കുറ്റകൃത്യങ്ങളാണ് ഗുരുതര കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. കൈക്കൂലി, ഖജനാവിലെ പണം പാഴാക്കല്‍, ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ്-8 ല്‍ പറഞ്ഞിരിക്കുന്ന കുറ്റകൃത്യങ്ങള്‍, അഴിമതി കുറ്റങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍-പീഡനം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നിവ ഗുരുതര കുറ്റകൃത്യങ്ങളാണ്. നിതീഷ് മന്ത്രിസഭയിലെ നാല് മന്ത്രിമാര്‍ക്കെതിരെ കൊലപാതക സംബന്ധിയായ കേസുകളുണ്ട്. ആര്‍ജെഡിയുടെ സുരേന്ദ്രപ്രസാദ് യാദവ്, ആര്‍ജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി പ്രസാദ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, നിതീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിനും നിതീഷ് കുമാറിനെതിരെ കൊലപാതകശ്രമത്തിനും കേസുണ്ട്. ഇവര്‍ക്കാര്‍ക്കും ഇതുവരെ ശിക്ഷ ലഭിച്ചിട്ടില്ല താനും. നിതീഷിനെതിരെയുള്ള കേസ് 1991 ല്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടുള്ളതാണ്. 27 മന്ത്രിമാര്‍ കോടീശ്വരന്‍മാരാണ്. ആര്‍ജെഡിയുടെ സമീര്‍ കുമാര്‍ മഹാസേത്താണ് ഏറ്റവും ധനികന്‍. ഇദ്ദേഹത്തിന് 24.45 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് വെളിപ്പെടുത്തല്‍. നിതീഷ് കുമാറിന്റെ വാര്‍ഷികവരുമാനം 90,350 രൂപയാണ്. ബിരുദധാരി കൂടിയാണ് നിതീഷ് കുമാര്‍. എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള തേജസ്വിയുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയാണ്. ഏഴ് മന്ത്രിമാര്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ട് പേര്‍ക്ക് ഡോക്ടറേറ്റുണ്ട്, 22 പേര്‍ ബിരുദധാരികളാണ്. മന്ത്രിമാരില്‍ മൂന്ന് വനിതകളാണുള്ളത്- ഷീല കുമാരി, ലേഷി സിങ്, അനിത ദേവി എന്നിവരാണ് വനിതാഅംഗങ്ങള്‍. 17 അംഗങ്ങളുടെ പ്രായം 30നും 50 നും മധ്യേയാണ്. 15 പേര്‍ 51 നും 75 നും ഇടയില്‍ പ്രായമുള്ളവരാണ്.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!