ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 16-ന്, മേഘാലയയിലും നാഗാലാന്‍ഡിലും 27-ന്

“ന്യൂഡല്‍ഹി: നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 16-നും നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ ഫെബ്രുവരി 27-നുമായിരിക്കും വോട്ടെടുപ്പ് നടക്കുക. മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ മാർച്ച് രണ്ടിന് നടക്കും. ബുധനാഴ്ച ഡല്‍ഹിയിലെ ആകാശവാണി ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 27-ന് നടത്തും. മാര്‍ച്ച് രണ്ടിനു തന്നെയായിരിക്കും ഇവിടങ്ങളിലെയും വോട്ടെണ്ണല്‍.
ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലായി 62.8 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ 31.47 ലക്ഷം വോട്ടര്‍മാര്‍ സ്ത്രീകളാണ്. 80 വയസ്സിനു മുകളിലുള്ള 97,000 വോട്ടര്‍മാരുണ്ട്. 1.76 ലക്ഷം പേര്‍ക്ക് കന്നി വോട്ടാണ് ഇത്തവണത്തേതെന്നും രാജീവ് കുമാര്‍ പറഞ്ഞു.

