KSDLIVENEWS

Real news for everyone

കേരളത്തിനുള്ള ഭക്ഷ്യധാന്യവിഹിതം കുറച്ചേക്കും; റേഷൻ വാങ്ങാത്ത വെള്ളക്കാർഡുകാരുടെ കണക്കെടുക്കുന്നു

SHARE THIS ON

ആലപ്പുഴ: കേരളത്തിനുള്ള ഭക്ഷ്യധാന്യവിഹിതം വീണ്ടും കുറയ്ക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയിൽ വരാത്ത പൊതുവിഭാഗം കാർഡുകാരുടെ വിഹിതത്തിലാണു കുറവുവരുത്തുന്നതെന്നാണു വിവരം. ഇതിന്റെ ഭാഗമായി സ്ഥിരമായി റേഷൻ വാങ്ങാത്ത വെള്ളക്കാർഡുകാരുടെ കണക്ക് കേന്ദ്രം ശേഖരിച്ചുതുടങ്ങി. സംസ്ഥാനത്ത് 28.75 ലക്ഷം വെള്ളക്കാർഡുകളാണുള്ളത്. ഇതിൽ ഭൂരിഭാഗവും കുറഞ്ഞനിരക്കിലുള്ള ഭക്ഷ്യധാന്യം ആവശ്യമില്ലാത്തവരാണെന്നാണു വിലയിരുത്തൽ. ഇത്തരം കാർഡുകൾ കണ്ടെത്തി റേഷൻ സംവിധാനത്തിൽനിന്ന് ഒഴിവാക്കിയ ശേഷമായിരിക്കും വിഹിതത്തിൽ കുറവുവരുത്തുകയെന്നാണു സിവിൽസപ്ലൈസ് ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിക്കു പുറത്തുള്ളവർക്ക് സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യം നൽകുന്നതിനോടു കേന്ദ്രത്തിനു നേരത്തെതന്നെ എതിർപ്പാണ്. നിയമം വരുന്നതിനുമുമ്പ് കേരളത്തിനുള്ള പ്രതിവർഷ ധാന്യവിഹിതം 16.04 ലക്ഷം ടണ്ണായിരുന്നു. ഇപ്പോഴത് 14.25 ലക്ഷം ടണ്ണായി കുറഞ്ഞു. നിയമപരിധിയിൽ വരുന്ന മഞ്ഞ, പിങ്ക് കാർഡുകളിൽപ്പെട്ട 41.43 ലക്ഷത്തോളം കുടുംബങ്ങൾക്ക് നൽകാൻ ഇതിൽ 10.25 ലക്ഷം ടൺ ഭക്ഷ്യധാന്യം വേണം. ബാക്കി വരുന്ന നാലുലക്ഷം ടണ്ണാണ് പൊതുവിഭാഗത്തിൽപ്പെട്ട നീല, വെള്ളക്കാർഡുകാർക്കായി നൽകുന്നത്. 23 ലക്ഷം വരുന്ന നീലക്കാർഡുകളിലെ ഓരോ അംഗത്തിനും മാസം രണ്ടുകിലോ അരി സംസ്ഥാനം സബ്സിഡി നിരക്കിൽ ഉറപ്പാക്കുന്നുണ്ട്. മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടാൻ അർഹതയുള്ളവരാണ് ഇതിലേറെപ്പേരുമെന്നു വിലയിരുത്തിയാണു സംസ്ഥാനം ഇവരുടെ സബ്സിഡി തുടരുന്നത്. വെള്ളക്കാർഡിന് ഓരോമാസത്തെയും ഭക്ഷ്യധാന്യത്തിന്റെ നീക്കിയിരുപ്പ് അനുസരിച്ചുമാത്രമാണു വിഹിതം നിശ്ചയിക്കുന്നത്. കാർഡൊന്നിനു രണ്ടുകിലോ മുതൽ 10 കിലോവരെയാണ് വെള്ളക്കാർഡിനു വിഹിതം നൽകുന്നത്. ഈ മാസം എട്ടുകിലോയാണ്. മുൻമാസം റേഷൻ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞാൽ അടുത്ത മാസം വിഹിതം കൂട്ടുന്നതാണു രീതി. വെള്ളക്കാർഡിനു പ്രതിമാസം 10 കിലോയെങ്കിലും വീതം നൽകാൻ കഴിയുന്നതരത്തിൽ വിഹിതമുയർത്തണമെന്നാണു സംസ്ഥാനത്തിന്റെ ആവശ്യം. വെള്ളക്കാർഡ് റദ്ദാക്കില്ല; പ്രചാരണം വ്യാജം സ്ഥിരമായി ഭക്ഷ്യധാന്യം വാങ്ങാത്ത വെള്ളക്കാർഡുകാരുടെ കണക്കെടുക്കുന്ന വിവരം പുറത്തുവന്നതിനു പിന്നാലെ വ്യാജപ്രചാരണവും തുടങ്ങി. റേഷൻ വാങ്ങിയില്ലെങ്കിൽ വെള്ളക്കാർഡുകൾ റദ്ദാക്കുമെന്നാണു സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതു വ്യാജമാണെന്നും ആരുടെയും കാർഡുകൾ റദ്ദാക്കില്ലെന്നും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. റേഷൻ കാർഡ് ആധികാരിക രേഖയായി കണക്കാക്കുന്നതിനാൽ റദ്ദാക്കാൻ കഴിയില്ലെന്നും അവർ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!