KSDLIVENEWS

Real news for everyone

16 വർഷമായിട്ടും ഭൂഗർഭ കേബിൾ ‘ചാർജായില്ല’; മണ്ണിനടിയിലായത് 2 കോടി

SHARE THIS ON

കാഞ്ഞങ്ങാട് ∙ നഗരത്തിൽ 16 വർഷം മുൻപ് സ്ഥാപിച്ച ഭൂഗർഭ കേബിൾ ഇനിയും ‘ചാര്‍ജായില്ല’. ഈ കേബിൾ വഴി ഇനി വൈദ്യുതി പ്രവഹിക്കും എന്ന കാര്യത്തിൽ വകുപ്പിനും വലിയ ഉറപ്പില്ല. ഏതായാലും ചെലവിട്ട 2 കോടി മണ്ണിനടിയിലായി എന്നതു മാത്രമാണ് ഉറപ്പുള്ള ഏക കാര്യം. 2006ൽ ആണ് കെഎസ്ഇബി കാഞ്ഞങ്ങാട് നഗരത്തിൽ 4 കിലോമീറ്റർ ദൂരത്തിൽ ഭൂഗർഭ കേബിള്‍ സ്ഥാപിച്ചത്. കാഞ്ഞങ്ങാട് നഗരസഭയിലെ അലാമിപ്പള്ളി മുതൽ അജാനൂർ പഞ്ചായത്തിലെ അതിഞ്ഞാൽ വരെയാണ് കേബിൾ സ്ഥാപിച്ചത്.  കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയുടെ പടിഞ്ഞാറു ഭാഗത്ത് കൂടിയാണ് കേബിൾ വലിച്ചത്. ഇടവിട്ട സ്ഥലങ്ങളിൽ വൈദ്യുതി തൂണുകളിൽ ഇതിന്റെ അറ്റങ്ങള്‍ ഉയർന്നു നിൽക്കുന്നത് കാണാം. പലയിടത്തും കേബിൾ ചോദ്യചിഹ്നം പോലെയാണ് നിവർന്നു നിൽക്കുന്നത്. ചിലയിടങ്ങളിലും ചുരുട്ടി വച്ച നിലയിലും കാണാം.  കാറ്റടിച്ചാലും പോകാത്ത വൈദ്യുതി കാറ്റ്, മഴ, ഇടി മിന്നൽ എന്നിവ വന്നാലും നഗരത്തിൽ മുടങ്ങാത്ത വൈദ്യുതി എന്ന മോഹന വാഗ്ദാനത്തോടെയാണ് വർഷങ്ങൾക്ക് മുന്‍പ് നഗരത്തിൽ വൈദ്യുതി കേബിൾ കുഴിച്ചിട്ടത്. കേബിൾ കുഴിച്ചിടുമ്പോൾ ബിഎസ്എൻഎൽ, ജല അതോറിറ്റി എന്നിവയുമായി കൂടിയാലോചന നടത്താൻ വൈദ്യുതി വകുപ്പ് ശ്രമിച്ചില്ല. ഇവിടെ തന്നെ പദ്ധതി പാളി. വൈദ്യുതി കേബിൾ കുഴിച്ചിട്ടാൽ അപകടമുണ്ടാകുമെന്ന് ഇവർ വാദിച്ചു. ഈ തർക്കം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും തൊട്ടുപിറകേ കെഎസ്ടിപി റോ‍‍ഡ് വികസനം വന്നു.സ്ഥാപിച്ച കേബിൾ പലയിടത്തും റോഡ് പണിയുടെ ഭാഗമായി കേടു വന്നു. രാത്രികാലങ്ങളിലെ റോഡ് പണിക്കിടെ പലയിടത്തും കേബിളുകൾ മുറിഞ്ഞു പോയി. റോഡ് പണി കഴിഞ്ഞതോടെ 2018ൽ വൈദ്യുതി വകുപ്പ് ഭൂഗർഭ കേബിൾ വഴി വൈദ്യുതി കടത്തി വിടാൻ ശ്രമം നടത്തി. എന്നാൽ എട്ടു സ്ഥലങ്ങളിൽ തകരാർ കണ്ടതോടെ ശ്രമം വിഫലമായി. പിന്നീട് പലതവണ ശ്രമിച്ചിട്ടും പദ്ധതി യഥാർഥ്യമാക്കാൻ കഴിഞ്ഞില്ലെന്ന് കെഎസ്ഇബി എൻജിനീയർമാർ പറയുന്നു. കാലതാമസം വന്നാലും പദ്ധതി ഉപേക്ഷിക്കില്ലെന്ന് നിലപാടിലാണ് ഇപ്പോഴും വൈദ്യുതി വകുപ്പ്”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!