സില്‍വര്‍ലൈന്‍ പ്രതീക്ഷ നല്കി കേന്ദ്ര റെയില്‍വേ മന്ത്രി, മുഖ്യമന്ത്രിയുമായി വൈകാതെ ചര്‍ച്ച

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസിന്റെ കാര്യ വിവരങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സില്‍വര്‍ ലൈന്‍ പദ്ധതിയിലും പ്രതീക്ഷ നല്കി. സില്‍വര്‍ ലൈന്‍ പദ്ധതി അടഞ്ഞ അധ്യായമെന്ന് ആര് പറഞ്ഞു എന്ന് ചോദിച്ച കേന്ദ്ര റെയില്‍വേ മന്ത്രി, ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി വൈകാതെ ചര്‍ച്ച നടക്കും എന്നും വിശദീകരിച്ചു. ഇക്കാര്യം പിന്നീട് വിശദമായി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സഹമന്ത്രി വി മുരളീധരനെ സാക്ഷിയാക്കിയാണ് കേന്ദ്ര റെയില്‍വെ മന്ത്രി സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്ന പ്രതീക്ഷ നല്‍കിയത്. വന്ദേഭാരത് കണ്ണൂരില്‍ നില്‍ക്കില്ല, കാസര്‍കോടേക്ക് നീട്ടി; പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍മന്ത്രി, പ്രധാനമന്ത്രി എത്തും അതേസമയം വന്ദേഭാരത് എക്സ്പ്രസിന്റെ യാത്ര തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാക്കിയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. വന്ദേഭാരതിന്റെ കേരളത്തിലെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25 ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമര്‍പ്പിക്കുകെയന്നും കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു. ഈ മാസം 24, 25 തിയതികളിലാകും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലുണ്ടാകുക. 25 ന് നിരവധി റെയില്‍വേ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി. 25 ന് രാവിലെ വന്ദേഭാരത് മോദി കേരളത്തിന് സമര്‍പ്പിക്കും. വന്ദേ ഭാരത് കേരളത്തില്‍ വരില്ലെന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറിയില്ലേയെന്നും അശ്വനി വൈഷ്ണവ് ചോദിച്ചു. നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് കേരളത്തിന് നല്കാന് തീരുമാനിച്ചത്. 70 മുതല്‍ 110 കിലോമീറ്റര്‍ വരെയാകും കേരളത്തിലെ വിവിധ മേഖലകളില്‍ വന്ദേഭാരതിന്റെ നിലവിലെ വേഗതയെന്നും അദ്ദേഹം വിവരിച്ചു. ഫേസ് ഒന്ന് കേരളത്തില്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഫേസ് 2 പൂര്‍ത്തിയായാല്‍ കേരളത്തില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു.

