KSDLIVENEWS

Real news for everyone

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി: ഇളവ് നീട്ടി നൽകി യുഎസ്, മേയ് 16 വരെ റഷ്യൻ എണ്ണ വാങ്ങാം

SHARE THIS ON

വാഷിങ്ടൺ / ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസൻസ് നൽകുമെന്ന് പ്രഖ്യാപിച്ച് യുഎസ്. ഏപ്രിൽ 11 ന് അവസാനിച്ച 30 ദിവസത്തെ ഇളവിന് പകരമാണ് പുതിയ ലൈസൻസ്. രണ്ട് ദിവസങ്ങൾക്ക് മുൻപ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞതിന് വിപരീതമായാണ് പുതിയ പ്രഖ്യാപനം. നേരത്തെ ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് എണ്ണ വാങ്ങാനുള്ള ലൈസൻസുകൾ മാർച്ച് മാസം പുതുക്കില്ലെന്ന് ബെസെന്റ് പറഞ്ഞിരുന്നു.

പുതിയ ഉത്തരവ് പ്രകാരം റഷ്യയിൽനിന്ന് എണ്ണ വാങ്ങാനുള്ള ലൈസൻസ് തുടരും. എന്നാൽ ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങൽ സാധ്യമല്ലെന്നാണ് സൂചന. ട്രഷറി വകുപ്പ് വെള്ളിയാഴ്ച രാത്രി വൈകിയാണ് ലൈസൻസ് അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം, വെള്ളിയാഴ്ച മുതൽ മേയ് 16 വരെ കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് അനുമതിയുണ്ട്.

ഏഷ്യൻ രാജ്യങ്ങൾ, പ്രത്യേകിച്ച് ഇന്ത്യ, ഉപരോധ ഇളവുകൾ നീട്ടിനൽകാൻ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. യുഎസ്-ഇറാൻ സംഘർഷം കാരണം ആഗോള എണ്ണവില ഉയർന്നത് കണക്കിലെടുത്ത് ഇളവുകൾ തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഉപരോധ ഇളവുകൾ ഇന്ത്യയ്ക്ക് വലിയ നേട്ടമാണ്. ഉപരോധ ഇളവ് പ്രാബല്യത്തിൽ വന്നതോടെ ഏകദേശം 30 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ ഇന്ത്യ ഓർഡർ ചെയ്തു കഴിഞ്ഞു. റഷ്യൻ എണ്ണക്കമ്പനികളിൽ നിന്നുള്ള ഇറക്കുമതി യുഎസ് ഉപരോധം കാരണം ഇന്ത്യ നേരത്തെ കുറച്ചിരുന്നു.

ട്രംപ് ഭരണകൂടം റഷ്യൻ, ഇറാനിയൻ എണ്ണവിപണനത്തിനുള്ള ഉപരോധം ഇളവ് ചെയ്തതിനെതിരെ വലിയ രാഷ്ട്രീയ എതിർപ്പുണ്ടായിരുന്നു. “റഷ്യൻ ഉപരോധഇളവ് ഒരിക്കലും നീട്ടരുത്. ട്രംപിന്റെ ഇളവ് റഷ്യയ്ക്ക് യുദ്ധത്തിനു പണം നൽകി. ഇത് ഇറാനെയും സഹായിക്കുന്നു,” യുഎസ് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്താൽ പറഞ്ഞു. കോൺഗ്രസ് അംഗങ്ങൾ ഗ്രെഗറി മീക്സ്, വില്യം കീറ്റിംഗ് എന്നിവർ റഷ്യൻ ഉപരോധ ഇളവ് അവസാനിപ്പിക്കാനുള്ള ബിൽ അവതരിപ്പിക്കുകയും ചെയ്തു.

ഈ ഇപരോധഇളവ്, ഇന്ത്യൻ റിഫൈനറികൾക്ക് നിയമപരമോ സാമ്പത്തികമോ ആയ പ്രശ്നങ്ങൾ ഇല്ലാതെ ഇറക്കുമതി തുടരാൻ അവസരം നൽകുന്നു. നേരത്തെ അനുവദിച്ച ഇളവിലൂടെ റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഗണ്യമായി വർധിച്ചതായാണ് റിപ്പോർട്ട്. മാർച്ച് മാസത്തിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി മൂന്നിരട്ടിയായി വർധിച്ച് 5.3 ബില്യൺ യൂറോയിലെത്തി. എണ്ണവിലയിലെ വർധനവ് ഇറക്കുമതി അളവ് ഉയർത്തി. യൂറോപ്യൻ തിങ്ക് ടാങ്ക് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) റിപ്പോർട്ടിൽ, ഫെബ്രുവരിയിൽ എണ്ണവാങ്ങൽ കുറഞ്ഞതിന് ശേഷം മാർച്ച് മാസത്തിൽ ഇന്ത്യ വീണ്ടും എണ്ണ വാങ്ങുന്നത് വർധിപ്പിച്ചതായി പറയുന്നു.

2026 മാർച്ചിൽ റഷ്യൻ ഫോസിൽ ഇന്ധനങ്ങളുടെ രണ്ടാമത്തെ വലിയ ഉപഭോക്താവ് ഇന്ത്യയായിരുന്നു, മൊത്തം 5.8 ബില്യൺ യൂറോയുടെ റഷ്യൻ ഹൈഡ്രോകാർബൺ ഇന്ത്യ ഇറക്കുമതി ചെയ്തു. ക്രൂഡ് ഓയിൽ ഉത്പന്നങ്ങൾ ഇന്ത്യയുടെ വാങ്ങലുകളിൽ 91 ശതമാനം വരും. ഫെബ്രുവരിയിൽ, ഇന്ത്യ മൂന്നാമത്തെ വലിയ ഇറക്കുമതി രാജ്യമായിരുന്നു. 1.8 ബില്യൺ യൂറോയുടെ റഷ്യൻ ഹൈഡ്രോകാർബൺ വാങ്ങിച്ചു. ക്രൂഡ് ഓയിൽ81 ശതമാനം (1.4 ബില്യൺ യൂറോ), കൽക്കരി (223 മില്യൺ യൂറോ), എണ്ണ ഉത്പന്നങ്ങൾ (121 മില്യൺ യൂറോ) എന്നിങ്ങനെയാണ് കണക്കുകൾ. മാർച്ച് മാസത്തിൽ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതി 4 ശതമാനം കുറഞ്ഞപ്പോൾ, റഷ്യൻ ഇറക്കുമതി ഇരട്ടിയായി, CREA റിപ്പോർട്ട് വ്യക്തമാക്കുന്നു.

കപ്പലുകളിൽ ഇതിനകം ഉണ്ടായിരുന്നതും മുൻപ് ഉപരോധം ഏർപ്പെടുത്തിയ കപ്പലുകളിലെ ഷിപ്‌മെന്റുകളും ഉൾക്കൊള്ളുന്ന റഷ്യൻ എണ്ണയുടെ ഒരു മാസത്തെ ഉപരോധഇളവ് യുഎസ് അനുവദിച്ചതിന് ശേഷമാണ് ഈ വർധന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!