KSDLIVENEWS

Real news for everyone

ചേതനയറ്റ് ജന്മനാട്ടിലേക്ക്: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരളത്തിലെത്തിച്ചു

SHARE THIS ON

മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ പ്രിയപ്പെട്ടവര്‍ക്ക് വേദനയോടെ വിട നല്‍കാന്‍ നാട്. മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്ററി സ്‌കൂളിലെത്തിച്ചു. സ്‌കൂളില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വിവിധ മഹല്ലുകളില്‍ ഖബറടക്കം. പ്രിയപ്പെട്ട അധ്യാപകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവധി പേരാണ് അമ്പലപ്പറമ്പ് ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. അന്ത്യമോപചാരമർപ്പിക്കാൻ മന്ത്രി വി.ശിവൻകുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,എ.പി അനിൽകുമാർ എംഎൽഎ എന്നിവരും എത്തിയിട്ടുണ്ട്.

രാത്രി 12 മണിയോടെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. മൂന്നരയോടെയാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്. മജീദ്, ഭാര്യ റുഖിയ എന്നിവരെ മാട്ടാത്ത് മഹല്ലില്‍ ഖബറടക്കും. റംല, സാജിദ, ഷക്കീല എന്നിവരെ പാങ്ങ് ജുമാ മസ്ജിദ് ഖബ്ര്‍സ്ഥാനിലും സുഹറയും, മകന്‍ ഹിഷാമിനെയും ഈസ്റ്റ് പാങ് മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ ഖബറടക്കും. സ്‌കൂളിലെ പ്രധാന അധ്യാപികയായ പി.അജിതയുടെ മൃതദേഹം ഷൊർണൂർ ശാന്തി തീരത്ത് സംസ്ക്കരിക്കും. അപകടത്തിൽ മരിച്ച മറ്റൊരു അധ്യാപികയായ ആശയുടെ മൃതദേഹം കൊളത്തൂരിലെ തറവാട്ട് വീട്ടിൽ സംസ്ക്കരിക്കും.

വെള്ളിയാഴ്ച വൈകീട്ടാണ് തമിഴ്നാട്ടിലെ പൊള്ളാച്ചിക്ക് സമീപം കേരള അതിര്‍ത്തിയായ വാല്‍പ്പാറയില്‍ മലയാളികളായ വിനോദയാത്രാ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ അധ്യാപകരും കുടുംബവുമാണ് അപകടത്തില്‍പെട്ടത്. സ്‌കൂളിലെ അഞ്ച് സ്ഥിരം അധ്യാപകര്‍, ഒരു അധ്യാപകന്റെ ഭാര്യ, പാചകത്തൊഴിലാളി, തൊട്ടടുത്ത യുപി സ്‌കൂളിലെ അധ്യാപിക, ഒരു അധ്യാപികയുടെ മകന്‍ എന്നിവരാണ് മരിച്ചത്. ഏഴ് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചവരില്‍ ഉള്‍പ്പെടുന്നത്.

വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്നു ടെമ്പോ ട്രാവലര്‍. വാല്‍പ്പാറ കുന്നിന്‍ റോഡിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ച് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് ഫാഇസ് (21) ആണ് വാഹനം ഓടിച്ചിരുന്നത്. വാല്‍പ്പാറ സന്ദര്‍ശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!