കാസർകോട് സിപിഐ പ്രാദേശിക നേതാവ് വെടിയേറ്റു മരിച്ച സംഭവം: പ്രതി കീഴടങ്ങി, തോക്ക് തൊട്ടടുത്ത പുഴയിലെറിഞ്ഞെന്ന് മൊഴി

പൊയിനാച്ചി ∙ കരിച്ചേരിയിൽ സിപിഐ പ്രാദേശിക നേതാവ് എ.മാധവൻ നമ്പ്യാർ(65) വെടിയേറ്റു മരിച്ച കേസിൽ പ്രതിയായ യുവാവ് പൊലീസിൽ കീഴടങ്ങി. പനയാൽ മൊട്ടനടി കരിമ്പാലക്കാലിലെ കെ.ശ്രീഹരിയാണ്(28) ഇന്നലെ ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കൽ ഇൻസ്പെക്ടർക്കു മുന്നിൽ കീഴടങ്ങിയത്. പൊലീസിന്റെ ഭാഗത്തു നിന്നു ശക്തമായ സമ്മർദമുണ്ടായതിനെ തുടർന്നാണു പ്രതി കീഴടങ്ങിയത്. നാട്ടിൽ തന്നെയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്.
കാട്ടുപന്നിയെ പിടിക്കാൻ സ്ഥാപിച്ച തോക്കുകെണിയിൽ നിന്നു വെടിയേറ്റാണു മാധവൻ മരിച്ചത്. പ്രതിക്കു തോക്കുപയോഗിക്കാനുള്ള ലൈസൻസില്ല. ഉപയോഗിച്ചത് കള്ളത്തോക്കാണ്. തോക്ക് തൊട്ടടുത്ത പുഴയിലെറിഞ്ഞെന്ന് ശ്രീഹരി പൊലീസിനോടു പറഞ്ഞു. എന്നാൽ ഇയാളുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്ന് പൊലീസ് സൂചിപ്പിച്ചു.
ചോദ്യം ചെയ്യൽ ഇന്നും തുടരും. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കും. മാധവൻ നമ്പ്യാരുടെ അനുവാദമില്ലാതെയാണ് ശ്രീഹരി ആളില്ലാത്ത തോക്ക് കെണി പറമ്പിൽ സ്ഥാപിച്ചത്

