കുളിമുറിയിൽ ഒളിക്യാമറ വച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് മോഷണക്കേസിൽ പിടിയിൽ

മംഗളൂരു ∙ ആശുപത്രി കുളിമുറിയിൽ ഒളിക്യാമറ വച്ചതിന് അറസ്റ്റുചെയ്ത് റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ യുവാവ് സുഹൃത്തിന്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ പിടിയിലായി. മംഗളൂരു സിലിക്കോൺ അപ്പാർട്മെന്റിലെ ഖദീജ മഹെസറിന്റെ പരാതിയിൽ മദനി നഗറിലെ അബദുൽ മുനീറിനെയാണ് അറസ്റ്റു ചെയ്തത്. ജൂലൈ 2നു വീട്ടിൽ ആളില്ലാത്തപ്പോൾ കള്ളത്താക്കോൽ ഉപയോഗിച്ച് അപ്പാർട്മെന്റ് തുറന്ന് 24 ഗ്രാം സ്വർണവും സിസിടിവി ക്യാമറയും കവരുകയായിരുന്നു.
അപ്പാർട്മെന്റിന് പുറത്തു സ്ഥാപിച്ച സിസിടിവി ക്യാമറയിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ഒരു വർഷം മുൻപും ഇതേ അപ്പാർട്മെന്റിൽ നിന്ന് 160 ഗ്രാം സ്വർണം കവർന്നിരുന്നു. അബ്ദുൽ മുനീറും സഹോദരൻ മുഹമ്മദ് സിറാജും ചേർന്നാണ് അന്നു കവർച്ച നടത്തിയതെന്നും അന്ന് സ്വർണം വിറ്റ് കിട്ടിയ പണം കൊണ്ട് ആഡംബര കാർ വാങ്ങിയതായും പൊലീസ് വ്യക്തമാക്കി. ഖദീജയുടെ ഭർത്താവിന്റെ സഹപ്രവർത്തകനും സുഹൃത്തുമായിരുന്നു അബ്ദുൽ മുനീർ.
ഈ സൗഹൃദം ഉപയോഗിച്ച് ഭർത്താവിന് ഒപ്പം ഇയാൾ വീട്ടിൽ എത്താറുണ്ടായിരുന്നു. അന്ന് താക്കോൽ കൈക്കലാക്കി ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുകയായിരുന്നു. ഇത് ഉപയോഗിച്ച് വാതിൽ തുറന്ന് അകത്തു കയറിയാണു കവർച്ച നടത്തിയത്. കഴിഞ്ഞ ജനുവരി 21ന് സ്വകാര്യ ആശുപത്രിയിലെ കുളിമുറിയിൽ കുളിക്കുകയായിരുന്ന സ്ത്രീയുടെ വിഡിയോ ചിത്രീകരിച്ചതിന് ഇയാളെ ഉള്ളാൾ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.ഈ കേസിൽ അടുത്തിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്.

