സിവിക് ചന്ദ്രന് കേസ്: കോടതി ഉത്തരവ് നിയമപരമല്ലെന്ന് ലോയേഴ്സ് യൂണിയന്

ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവ് നിയമപരമല്ലെന്ന് ആള് ഇന്ത്യാ ലോയേഴ്സ് യൂണിയന്. അതിജീവിതയെ സ്വഭാവഹത്യ നടത്തും വിധമുള്ള പരാമര്‍ശങ്ങള്‍ കോടതി ഉത്തരവില്‍ ഇടംപിടിക്കുന്നത് ന്യായീകരിക്കാവുന്നതല്ല.
ലാഘവബുദ്ധിയോടെ ജാമ്യം അനുവദിച്ച നടപടിക്ക് എതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണം. ഹൈക്കോടതി ഇക്കാര്യം സ്വമേധയാ പരിശോധിക്കണമന്നും ലോയേഴ്സ് യൂണിയന് ആവശ്യപ്പെട്ടു.
കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന് രംഗത്തെത്തിയിരുന്നു. ഉത്തരവ് ഉണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതം കോടതി പരിഗണിച്ചില്ലെന്ന് അധ്യക്ഷ രേഖ ശര്‍മ ട്വീറ്റില്‍ വ്യക്തമാക്കി. കോടതിയുടെ കണ്ടെത്തല്‍ നിര്‍ഭാഗ്യകരമെന്നും വനിതാ കമ്മീഷന് തുറന്നടിച്ചു.
കോടതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹൈക്കോടതി രജിസ്ട്രാറെ സമീപിക്കുമെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിന്റെ വിധിയിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെയും പരാതിക്കാരി അപ്പീല്‍ നല്‍കും.
പരാതിക്കാരിയുടെ വസ്ത്രധാരണ രീതി ലൈംഗികമായി പ്രകോപനമുണ്ടാക്കുന്നതാണ് എന്നായിരുന്നു കോടതി പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സിവിക് ചന്ദ്രനെതിരെയുള്ള രണ്ടാമത്തെ ലൈംഗിക പീഡനപരാതിയിലുള്ള മുന്‍കൂര്‍ ജാമ്യവിധിയിലാണ് വിവാദ പരാമര്‍ശങ്ങള്‍.
പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രമാണ് ധരിച്ചതെന്ന് പ്രതിഭാഗം സമര്‍പ്പിച്ച ഫോട്ടോകളില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ പ്രഥമദൃഷ്ട്യാ 354 എ വകുപ്പായ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവ്. 74കാരനായ പ്രതിക്ക് പരാതിക്കാരിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താനാകുമെന്ന് വിശ്വസിക്കില്ലെന്നും വിധിയില്‍ പരാമര്‍ശമുണ്ട്.
2020ന് നന്തിയില്‍ നടന്ന കവിത ക്യാമ്ബിനെത്തിയപ്പോള് സിവിക് ചന്ദ്രന് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കൊയിലാണ്ടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മറ്റൊരു പരാതിയില്‍ നേരത്തെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. പരാതിക്കാരിയുടെ ഫോട്ടയടക്കം പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ച വാദങ്ങളെ അതേ പോലെ ശരിവയ്ക്കുന്നതാണ് കോടതി വിധി.

