KSDLIVENEWS

Real news for everyone

ഇടുക്കി ഡാം തുറക്കില്ല; കൂടുതൽ അണക്കെട്ടുകള്‍ തുറക്കുന്ന കാര്യം വിദഗ്ധസമിതി തീരുമാനിക്കും

SHARE THIS ON

തിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.

ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടർമാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നൽകണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. പെട്ടെന്ന് തുറക്കുമ്പോൾ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ ഒഴിവാക്കാനാണിത്.

വൈദ്യുതി ബോർഡിന്റെ കീഴിലുള്ള അണക്കെട്ടുകളിൽ പത്തനംതിട്ട ജില്ലയിലെ കക്കി, മൂഴിയാർ തൃശ്ശൂർ ജില്ലയിലെ ഷോളയാർ, പെരിങ്ങൽകുത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, ലോവർ പെരിയാർ, മൂഴിയാർ എന്നീ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, മാട്ടുപ്പെട്ടി, പൊന്മുടി, പമ്പ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ ഇടമലയാർ നീല അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ജലസേചന വകുപ്പിന്റെ കീഴിലുള്ള പീച്ചി, ചിമ്മണി ഡാമുകളിലും റെഡ് അലർട്ട് ആണ്. കല്ലട, ചുള്ളിയാർ, മീങ്കര, മലമ്പുഴ, മംഗളം ഓറഞ്ച് അലർട്ടിലും, വാഴാനി, പോത്തുണ്ടി ബ്ലൂ അലർട്ട് ആണ്.

സംസ്ഥാനത്ത് ഇപ്പോൾ 184 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. ക്യാമ്പുകളിൽ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.

ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂർണമായും ഒഴിവാക്കാൻ അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്.

നിലയ്ക്കൽ, പെരുന്തേനരുവി മേഖലയിൽ ഞായറാഴ്ച തന്നെ ഇരുപതു സെന്റീമീറ്ററിലധികം മഴ പെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. നദികളിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. വനമേഖലയിലെ കനത്ത മഴ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയയും വർധിപ്പിക്കുന്നുണ്ട്. ബുധനാഴ്ച മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ തീർത്ഥാടനം അനുവദിക്കാൻ കഴിയില്ല എന്നാണ് യോഗം വിലയിരുത്തിയത്. നിലക്കലിൽ എത്തിയ തീർത്ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാൻ ജില്ലാ ഭരണ സംവിധാനത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, കോളേജുകൾ തുറക്കുന്നത് ഒക്ടോബർ 25ലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തുലാവർഷം വന്നതായി ഇതുവരെ കാലാവസ്ഥാ വകുപ്പ് കണക്കാക്കിയിട്ടില്ല. എന്നാൽ തുലാവർഷ കണക്കിൽ കേരളത്തിൽ ലഭിക്കേണ്ട 84% മഴയും ഒക്ടോബറിൽ ആദ്യ 17 ദിവസം കൊണ്ട് ലഭിച്ചു. ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടുനിൽക്കുന്ന സീസൺ ചുഴലിക്കാറ്റ് സീസൺ കൂടിയായതിനാൽ ഇത്തവണ കൂടുതൽ ന്യൂനമർദ്ദങ്ങൾ/ ചുഴലിക്കാറ്റുകൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് യോഗത്തിൽ വ്യക്തമാക്കി. ധനസഹായ വിതരണം ഊർജ്ജിതപ്പെടുത്താൻ ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!