മന്ത്രിയെ നീക്കാൻ തനിക്ക് അധികാരമില്ല; കണ്ണൂർ വിസി നിയമനത്തിൽ തെറ്റുപറ്റി: ഗവർണർ

ന്യൂഡൽഹി∙ മന്ത്രിസഭയിൽനിന്ന് മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരമില്ലെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രാദേശികവാദത്തിലൂന്നിയ പ്രസ്താവന ജനങ്ങളെ അറിയിക്കാൻ വേണ്ടിയാണ് പ്രീതി പിൻവലിച്ചതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗവർണറുടെ വിശദീകരണം. ആരോപണ വിധേയനായ വ്യക്തി മന്ത്രിസഭയിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും കേരളത്തിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിർവഹിക്കുകയെന്ന കടമ മാത്രമാണു താൻ ചെയ്തതെന്നും അഭിമുഖത്തിൽ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ധനമന്ത്രി കെ.എൻ.ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ തനിക്കുള്ള താൽപര്യവും പ്രീതിയും അവസാനിച്ചതായി അറിയിച്ചും ബാലഗോപാലിനെതിരെ ദേശദ്രോഹക്കുറ്റവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ചും മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തിലാണ് വിശദീകരണം. മന്ത്രിയെ പിൻവലിക്കണമെന്ന കത്തിനു ധനമന്ത്രി എന്ന നിലയിൽ ബാലഗോപാലിൽ തനിക്കുള്ള വിശ്വാസം കുറഞ്ഞിട്ടില്ലെന്നും ഇതു മനസ്സിലാക്കി മന്ത്രിക്കെതിരെ തുടർനടപടി വേണ്ടെന്ന കാര്യം ഗവർണർ അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

