KSDLIVENEWS

Real news for everyone

നവകേരള സദസ്സിന് ഇന്നു തുടക്കം, മഞ്ചേശ്വരത്തു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ആഡംബര ബസ് എത്തി

SHARE THIS ON

തിരുവനന്തപുരം∙ ജനങ്ങളിൽനിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന ‘നവകേരള സദസ്സി’ന് ഇന്നു തുടക്കം. വൈകിട്ട് 3.30ന് കാസർകോട് മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയർ‌ സെക്കൻഡറി സ്കൂളിലാണ് യാത്രയുടെ ഉദ്ഘാടനവും മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസ്സും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി തയാറാക്കിയ ആഡംബര ബസ് കാസർകോട് എത്തി.

12,000 പേരെയാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസ്സിന്റെ ഭാഗമായി പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം. അതേസമയം, യുഡിഎഫ് നവകേരളസദസ്സ് ബഹിഷ്കരിക്കുകയാണ്.

പരാതി നേരിട്ട് നൽകാനാകില്ല

നവകേരള സദസ്സിൽ പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കുന്നത് സദസ്സ് നടക്കുന്ന വേദിക്കു സമീപമുള്ള കൗണ്ടറിൽ മാത്രം. പരാതി നേരിട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകാൻ അനുവദിക്കില്ല.

∙ 7 കൗണ്ടറുകൾ

ഓരോ നിയോജക മണ്ഡലം നവകേരള സദസ്സിലും 7 കൗണ്ടർ വീതം പ്രവർത്തിക്കും. റവന്യു ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ചുമതല. മുതിർന്ന പൗരന്മാർ, വനിതകൾ, പൊതുവിഭാഗം എന്നിവർക്കായി 2 വീതം കൗണ്ടറുകളും ഭിന്നശേഷി വിഭാഗത്തിന് ഒരു കൗണ്ടറുമാണ് ഉള്ളത്. പരിപാടി ആരംഭിക്കുന്നതിന് 3 മണിക്കൂർ മുൻപും പരിപാടികൾ കഴിഞ്ഞ ശേഷവും പരാതി സ്വീകരിക്കും. പരാതികൾ നൽകുന്നതിനുള്ള നിർദേശങ്ങൾ കൗണ്ടറിൽ പ്രദർശിപ്പിക്കും. ഇതിന് ജീവനക്കാരും ഉണ്ടാകും. പരാതികളിൽ പൂർണ വിലാസവും മൊബൈൽ നമ്പറും ഇമെയിൽ ഉണ്ടെങ്കിൽ അതും നൽകണം. പരാതികൾ കൈപ്പറ്റി രസീത് നൽകും. തിരക്ക് ഒഴിവാക്കാനായി, സദസ്സ് നടക്കുമ്പോൾ പരാതി സ്വീകരിക്കുന്നത് നിർത്തിവയ്ക്കും.

∙ ഉദ്യോഗസ്ഥർ

ഓരോ കൗണ്ടറിലും ഒരു സൂപ്പർവൈസർ ഉൾപ്പെടെ 4 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. നിയോജക മണ്ഡലം തോറും റിസർവ് ആയി ഇവർക്കു പുറമേ 6 ജീവനക്കാരുണ്ട്. ഓരോ നിയോജക മണ്ഡലത്തിനും ഓരോ ജനറൽ സൂപ്പർവിഷൻ ഉദ്യോഗസ്ഥനുണ്ട്.കൗണ്ടർ ഡ്യൂട്ടി ആരംഭിക്കുന്നതിന് അര മണിക്കൂർ മുൻപ് എല്ലാ ജീവനക്കാരും കൗണ്ടറിൽ എത്തണം. നവകേരള സദസ്സ് ചടങ്ങുകൾ അവസാനിച്ചാലും മുഴുവൻ പരാതികളും സ്വീകരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ കൗണ്ടർവിട്ടു പോകാവൂ. ജില്ലയിൽ പരാതികൾ സ്വീകരിക്കൽ കൗണ്ടറിലേക്ക് റിസർവ് ജീവനക്കാർ ഉൾപ്പെടെ 156 പേരെയാണ് നിയോഗിച്ചിട്ടുള്ളത്.‌

∙ പരാതികൾ അപ്‌ലോഡ് ചെയ്യും

എല്ലാ അപേക്ഷകളും ഡേറ്റ എൻട്രി ചെയ്യുന്നതിന് ഉടൻ കലക്ടറേറ്റിൽ എത്തിക്കാൻ ജനറൽ സൂപ്പർവിഷൻ ഉദ്യോഗസ്ഥന് നിർദേശം നൽകിയിട്ടുണ്ട്. പരാതികൾ 2 ദിവസത്തിനകം അതത് വകുപ്പുകളിലേക്ക് ഓൺലൈനായി അപ്‌ലോഡ് ചെയ്യും. പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി 4 ആഴ്ചക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫിസർമാർ വകുപ്പ് തല മേധാവി മുഖേന റിപ്പോർട്ട് നൽകും. ഇത്തരം പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കും. പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളിൽ പരാതിക്കാരന് ഇടക്കാല മറുപടി നൽകണം. പരാതികൾക്ക് മറുപടി തപാലിലൂടെ നൽകും. പരാതികളുടെ സ്ഥിതി www.navakeralasadas.kerala.gov.in വെബ്സൈറ്റിൽ പരാതി രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!