ഇസ്രായേല്‍ ഭീഷണിയെതുടര്‍ന്ന് ഗസ്സയിലെ അല്‍ശിഫ ആശുപത്രിയിലെ രോഗികളെ ഒഴിപ്പിച്ചു; ഗാസയിലെ തെരുവുകളിലെങ്ങും മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്

ഗസ്സ സിറ്റി: ഇസ്രായേല്‍ ഭീഷണിയെതുടര്‍ന്ന് ഗസ്സയിലെ അല്‍ശിഫ ആശുപത്രിയിലെ രോഗികളെ ഒഴിപ്പിച്ചു. ഗസ്സയിലെ തെരുവുകളില്‍ നിറയെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ്.
650 രോഗികളുള്ള അല്‍ശിഫ ആശുപത്രി ഒരുമണിക്കൂറിനകം ഒഴിയാൻ ഇന്നുച്ചയ്ക്കാണ് ഇസ്രായേല്‍ ഭീഷണി മുഴക്കിയത്. ഒഴിഞ്ഞില്ലെങ്കില്‍ വെടിവെച്ചുകൊല്ലുമെന്ന ഇസ്രായേല്‍ ഭീഷണിക്കു വഴങ്ങി രോഗികളെയെല്ലാം ആശുപത്രിയില്‍ നിന്ന് മാറ്റി. ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് ഈ രോഗികളെ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും മറുപടി നല്‍കിയിട്ടില്ല. തെക്കൻഗസ്സയിലേക്ക് രോഗികളെ എത്തിക്കാനാകുമോ എന്നതും ആശങ്കയിലാണ്.
ഗസ്സ സിറ്റിയിലെ അല്‍ അഹ്ലി ആശുപത്രിക്കു സമീപത്തെ റോഡില്‍ നിറയെ മൃതദേഹങ്ങള്‍ കണ്ടെത്തി. പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിലാണ്. വടക്കൻഗസ്സ ഒന്നാകെ നശിപ്പിച്ച ശേഷം ഇപ്പോള്‍ തെക്കൻ ഗസ്സയിലും ഇസ്രായേല്‍ വ്യോമാക്രമണം കടുപ്പിക്കുകയാണ്. ഖാൻ യൂനിസില്‍ ഇന്ന് 26 പേരാണ് കൊല്ലപ്പെട്ടത്. ഖാൻ യൂനിസില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രായേല്‍ ഭീഷണി മുഴക്കുന്നത്. വടക്കൻ ഗസ്സയില്‍ നിന്ന് പലായനം ചെയ്തെത്തിയ ലക്ഷങ്ങളാണ് ഖാൻ യൂനിസിലുള്ളത്.
ഗസ്സ സിറ്റിയിലെ റോഡില്‍ നിറയെ മൃതദേഹങ്ങള്‍; പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയില്‍
വെസ്റ്റ്ബാങ്കിലും ഇസ്രായേല്‍ വ്യോമാക്രമണം കടുപ്പിച്ചു. ഫതഹ് പാര്‍ട്ടി ആസ്ഥാനത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ബന്ദികളെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഇസ്രായേലില്‍ ലോങ് മാര്‍ച്ച് തുടരുകയാണ്. ടെല്‍ അവീവില്‍ നിന്ന് ജറൂസലമിലെ നെതന്യാഹുവിന്റെ ഓഫീസിലേക്കാണ് മാര്‍ച്ച്.

