മഹാത്മാഗാന്ധി ട്രോഫി ജലമേള: ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും കർശനം, പ്രതീക്ഷിക്കുന്നത് 10000 പേരെ

നീലേശ്വരം: കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനലിനു സമീപം നടക്കുന്ന മഹാത്മാഗാന്ധി ട്രോഫി ഉത്തരമലബാർ ജലോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും. 3ന് കർണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദർ ജലോത്സവം ഉദ്ഘാടനം ചെയ്യും. സന്ദീപ് വാരിയർ എംഎൽഎ അധ്യക്ഷത വഹിക്കും. ടെർമിനലിനു പടിഞ്ഞാറ് ഭാഗത്തായി 850 മീറ്റർ നീളത്തിൽ 6 ട്രാക്കുകൾ ഒരുക്കിയിട്ടുണ്ട്. മത്സരത്തോടനുബന്ധിച്ച് പ്രദേശത്ത് ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ലാ പൊലീസ് മേധാവി പി.നിധിൻരാജ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി.അനിൽകുമാർ എന്നിവർ ടെർമിനൽ സന്ദർശിച്ചു. മത്സരം നടക്കുന്ന പുഴയിൽ ചെറുവള്ളങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ട്രാക്കിനു സമീപവും ഫിനിഷിങ് പോയിന്റിന് സമീപവും ചെറുവള്ളങ്ങൾക്ക് പ്രവേശനമില്ല. സ്ത്രീകളെയും കുട്ടികളെയും കയറ്റി വള്ളങ്ങൾ പുഴയിലിറക്കാൻ അനുവദിക്കില്ല. നിർദേശങ്ങൾ ലംഘിച്ച് ട്രാക്കിന് കുറുകെ പോകുന്ന വള്ളങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഹൗസ്ബോട്ടുകൾ ടെർമിനലിനു പടിഞ്ഞാറ് ഭാഗത്ത് ട്രാക്കിനു വടക്കു ഭാഗത്തായി നിർത്തിയിടേണ്ടതാണ്.
ഗതാഗത ക്രമീകരണം
നീലേശ്വരം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കോട്ടപ്പുറം ക്ഷേത്ര മൈതാനിയിലും കോട്ടപ്പുറം സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്. മടക്കര – ചെറുവത്തൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ബാലഗോകുലം അമ്പല മൈതാനിയിലും, അച്ചാംതുരുത്തി രാജാസ് സ്കൂൾ പരിസരത്തും പാർക്ക് ചെയ്യണം.

