മുഖ്യമന്ത്രിയായതിനു ശേഷം വി.ഡി.സതീശൻ കാസർകോട് ജില്ലയിൽ ആദ്യമായെത്തുന്നു; സ്വീകരണം 20ന്

കാസർകോട്: മുഖ്യമന്ത്രിയായതിനു ശേഷം ജില്ലയിൽ ആദ്യമായി എത്തുന്ന വി.ഡി.സതീശനു 20നു വിദ്യാനഗർ ചെട്ടുംകുഴി റോയൽ കൺവൻഷൻ സെന്ററിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. നിലവിലുള്ള ഷെഡ്യൂൾ പ്രകാരം തലേന്നു രാത്രി തന്നെ മുഖ്യമന്ത്രി കാസർകോട്ട് എത്തും. രാവിലെ 9നു എടനീർ മഠത്തിൽ സന്ദർശനം നടത്തും. 9.30നു ഡിസിസി നേതൃത്വത്തിൽ വിദ്യാനഗറിലെ ഓഫിസിലും 9.45നു ചെട്ടുംകുഴിയിൽ യുഡിഎഫിന്റെ സ്വീകരണങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്നു രാജ്മോഹൻ ഉണ്ണിത്താൻ എംപി, യുഡിഎഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി, കൺവീനർ എ.ഗോവിന്ദൻ നായർ, സെക്രട്ടറി അഡ്വ.എ.ഗോവിന്ദൻ നായർ, മുസ്‍ലിംലീഗ് ജില്ലാ പ്രസിഡന്റ് എൻ.എ.നെല്ലിക്കുന്ന്, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, എ.കെ.എം.അഷ്റഫ് എംഎൽഎ എന്നിവർ അറിയിച്ചു.
സ്വീകരണത്തിൽ ജില്ലയിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഇതിനു ശേഷം കാസർകോട് പുലിക്കുന്നിലെ സർക്കാർ അതിഥിമന്ദിരത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരെ നേരിൽകണ്ട് അവരിൽനിന്നു പരാതികൾ കേൾക്കും. ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടും ദുരിതബാധിതർക്കു ചികിത്സാസഹായവും മരുന്നും ഉൾപ്പെടെ ലഭിക്കുന്നില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ദുരിതബാധിതരെ മുഖ്യമന്ത്രി നേരിട്ടുകാണുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
3നു കാഞ്ഞങ്ങാട്ട് നടക്കുന്ന മുസ്‍ലിം വെൽഫെയർ സൊസൈറ്റിയുടെ മെട്രോ മുഹമ്മദ് ഹാജി സ്മാരക അവാർഡ് മുഖ്യമന്ത്രി സമ്മാനിക്കും. 3.30നു അജാനൂർ കടപ്പുറത്ത് 150 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന മത്സ്യബന്ധന തുറമുഖം പ്രദേശം മുഖ്യമന്ത്രി സന്ദർശിക്കുകയും ജമാഅത്ത് കമ്മിറ്റി– ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തുകയും ചെയ്യും. 4.30നു തൃക്കരിപ്പൂരിൽ സിഎച്ച് സെന്റർ ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രി കണ്ണൂരിലേക്കു മടങ്ങുമെന്ന് ഇവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാൽ ജനങ്ങൾക്ക് നേരിൽകണ്ട് പരാതി നൽകുന്നതിനും മറ്റു വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി അവസരം ഉണ്ടാക്കുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.

