കർഷക സമരം : സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ യോഗം ഇന്ന്

ഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷികനിയമങ്ങള്‍ പഠിച്ച് നിര്‍ദ്ദേശം നല്‍കാന്‍ സുപ്രീംകോടതി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതി ഇന്ന് രാവിലെ 11 മണിക്ക് യോഗം ചേരും.അതെ സമയം നാലംഗ സമിതിയില്‍ നിന്ന് ഭുപേന്ദ്ര സിംഗ് മാന്‍ രാജി വച്ചിരുന്നു.ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍്റായ ഭുപീന്ദര്‍ സിംഗ് മാന്‍ നേരത്തേ നിയമഭേദഗതിയെ അനുകൂലിച്ച് നിലപാടെടുത്ത വ്യക്തിയാണ് .
ഭൂപിന്ദര്‍ സിംഗിന് പുറമേ വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാര്‍ ജോഷി ,മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് അനില്‍ ഖനാവത്ത് എന്നിവരടങ്ങുന്നതാണ് സുപ്രീംകോടതി രൂപീകരിച്ച വിദഗ്ധ സമിതി.
നാലംഗ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.
സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തില്‍ ചേരണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് സമിതിയിലെ ഒരംഗം പിന്‍മാറിയത് . കര്‍ഷകരുടെയും പൊതുസമൂഹത്തിന്റെയും വികാരം കണക്കിലെടുത്താണ് പിന്‍മാറാന്‍ തീരുമാനിച്ചതെന്ന് ഭുപീന്ദര്‍ സിംഗ് മാന്‍ അറിയിച്ചു. പഞ്ചാബിന്‍റെയും രാജ്യത്തെ കര്‍ഷകരുടെയും താല്‍പ്പര്യം ഹനിക്കപ്പെടാതിരിക്കാന്‍ ഏത് സ്ഥാനവും ത്യജിക്കാന്‍ തയ്യാറാണെന്നും സമിതിയില്‍ നിന്ന് പിന്‍മാറിയ ഭുപീന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടു .
അതേസമയം, കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള 10-ാം വട്ട ചര്‍ച്ച നാളത്തേക്ക് മാറ്റി. ഇന്ന് 12 മണിക്ക് വിജ്ഞാന്‍ ഭവനിലായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. കേന്ദ്ര നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നും ഭേദഗതികള്‍ ചര്‍ച്ച ചെയ്യണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം .

