ചുരുളഴിയാന്‍ പലകാര്യങ്ങളും; സനുമോഹനെയും ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

കൊച്ചി: വൈഗയുടെ കൊലപാതകത്തിൽ അറസ്റ്റിലായ സനുമോഹനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽനിന്ന് രാവിലെ 11.05 ഓടെയാണ് സനുവിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത്. കേസുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസ് വിളിച്ചുചേർത്ത വാർത്താസമ്മേളനും അല്പസമയത്തിനകം ആരംഭിക്കും. വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ബോധംപോയപ്പോൾ മരിച്ചെന്ന് കരുതി പുഴയിൽ എറിഞ്ഞെന്നുമാണ് സനുമോഹൻ പോലീസിന് നൽകിയ മൊഴി. സാമ്പത്തിക പ്രശ്നങ്ങൾ കാരണം മകളെ കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു തീരുമാനം. എന്നാൽ തനിക്ക് ജീവനൊടുക്കാനുള്ള ധൈര്യമുണ്ടായില്ലെന്നും സനുമോഹൻ പോലീസിന് പറഞ്ഞിട്ടുണ്ട്. എന്നാൽ സനുവിന്റെ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കേസിന്റെ എല്ലാവശങ്ങളും പരിശോധിച്ച് മാത്രമേ പോലീസ് അന്തിമനിഗമനത്തിലെത്തൂ. അതിനിടെ, സനുമോഹന്റെ ഭാര്യയെയും പോലീസ് സംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഒളിവിൽപോയതിന് ശേഷം സനുമോഹൻ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്. സാമ്പത്തികപ്രശ്നങ്ങൾ മാത്രമാണോ കൊലപാതകത്തിന് കാരണം, മറ്റെന്തെങ്കിലും കാരണമുണ്ടോ, എന്തിനാണ് ഒളിവിൽകഴിഞ്ഞത്, മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കാണ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉത്തരം കിട്ടുകയെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്നവിവരം.

