KSDLIVENEWS

Real news for everyone

ബാങ്ക് നടപടിക്കെതിരെ നിയമപോരാട്ടം; അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിക്കുന്നത് തുടര്‍ന്ന് ഫെഡറല്‍ ബാങ്ക്

SHARE THIS ON

കണ്ണൂര്‍ : ആലപ്പുഴക്ക് പിന്നാലെ കണ്ണൂരിലും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ നടപടിയില്‍ നിന്ന് പിന്മാറി ഫെഡറല്‍ ബാങ്ക്.കണ്ണൂര്‍ ബ്രാഞ്ചില്‍ അക്കൗണ്ടുള്ള മുഹമ്മദ് ജസീറിന്റെ അക്കൗണ്ടാണ് ബാങ്ക് പൂര്‍വസ്ഥിതിയിലാക്കിയത്. ഗുജറാത്തില്‍ നിന്ന് പരാതി ലഭിച്ചുവെന്ന് പറഞ്ഞ് ഈ മാസം ഒന്നിനാണ് ജസീറിന്റെ അക്കൗണ്ട് മരവിപ്പിച്ചത്. ബാങ്കിന്റെ നടപടി ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ജസീര്‍ ബാങ്കിന് കത്ത് നല്‍കിയിരുന്നു. അക്കൗണ്ട് മരവിപ്പിക്കല്‍ പിന്‍വലിച്ചത് കൊണ്ടുമാത്രമായില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ജസീറിന്റെ അഭിഭാഷകന്‍ അമീന്‍ ഹസന്‍ പറഞ്ഞു.

ഗുജറാത്തില്‍ നിന്ന് 29900 രൂപയുടെ തെറ്റായ ഇടപാട് നടന്നിട്ടുണ്ടെന്നും ഗുജറാത്ത് പൊലീസില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസീറിന്റെ ബാങ്ക് അക്കൗണ്ട് ഫെഡറല്‍ ബാങ്ക് മരവിപ്പച്ചത്. ഏത് നിയമത്തിന്റെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതെന്ന ചോദ്യമുയര്‍ത്തി ജസീര്‍ ബാങ്കിനോട് വിശദീകരണം തേടിയിരുന്നു. അതേസമയം ബാങ്ക് നടപടിക്കെതിരെ ഹൈക്കോടതിയില്‍ ജസീര്‍ നിയമപോരാട്ടം തുടരുകയുമുണ്ടായി. പിന്നാലെയാണ് ബാങ്ക് അക്കൗണ്ട് പൂര്‍വസ്ഥിതിയിലായത്. ജസീറിനെതിരെ ബാങ്ക് ചൂണ്ടിക്കാട്ടിയ പരാതിയിലും ചില പൊരുത്തക്കേടുകള്‍ പ്രകടമാണ്.

നിയമപോരാട്ടത്തിനൊരുങ്ങിയെന്ന് കണ്ടപാടെ പൊടുന്നനെയുള്ള ഫെഡറല്‍ ബാങ്കിന്റെ നീക്കം സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്. ജസീറിനെതിരെ ഗുജറാത്തില്‍ പരാതിയുണ്ടെന്ന് ബാങ്ക് നേരത്തെ വിശദീകരണം നല്‍കിയിരുന്നെങ്കിലും അത് സംബന്ധിച്ച്‌ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ മറ്റു വിവരങ്ങള്‍ പൊലീസിന്റെ ഭാഗത്ത്‌നിന്ന് ലഭിക്കുകയോ ചെയ്തിട്ടില്ല. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടും എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ഫെഡറല്‍ ബാങ്ക് ജസീറിന്റെ അക്കൗണ്ട് പൂര്‍വസ്ഥതിയിലാക്കിയത്. എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ ചൂണ്ടിക്കാട്ടി ആളുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന ബാങ്ക് നടപടി ചട്ടപ്രകാരമല്ലെന്ന് വ്യക്തമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!