പ്രതിപക്ഷനേതാവ്: എം.എൽ.എ.മാരുടെ മനസ്സറിഞ്ഞു; തീരുമാനം ഹൈക്കമാൻഡിനു വിട്ടു

തിരുവനന്തപുരം:പ്രതിപക്ഷനേതാവ് ആരാകണമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് പ്രതിനിധികൾ കോൺഗ്രസ് എം.എൽ.എ.മാരുടെയും എം.പി.മാരുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായമാരാഞ്ഞു. രമേശ് ചെന്നിത്തലയുടെയും വി.ഡി.സതീശന്റെയും പേരുകളാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു കൂടുതലായി ഉയർന്നത്.
ഹൈക്കമാൻഡ് പ്രതിനിധികളായെത്തിയ മല്ലികാർജുൻ ഖാർഗെ, വൈദ്യലിംഗം എന്നിവർ കോൺഗ്രസ് എം.എൽ.എ.മാരെയും മുതിർന്ന നേതാക്കളെയും ഒറ്റയ്ക്കൊറ്റയ്ക്കാണ് കണ്ടത്. തുടർന്ന് കോൺഗ്രസ് നിയമസഭാകക്ഷി യോഗം ചേർന്ന് പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള അധികാരം കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ ഏൽപ്പിക്കുന്ന പ്രമേയം പാസാക്കി. ഉമ്മൻചാണ്ടി അവതരിപ്പിച്ച പ്രമേയത്തെ രമേശ് ചെന്നിത്തല പിന്താങ്ങി.
നിയമസഭാകക്ഷി നേതൃസ്ഥാനം ഐ ഗ്രൂപ്പിനായതിനാൽ അവർ തീരുമാനിക്കട്ടെയെന്നായിരുന്നു എ ഗ്രൂപ്പിന്റെ ആദ്യനിലപാട്. എന്നാൽ, രമേശിനൊപ്പം സതീശന്റെ പേരും ഉയർന്നതോടെ എ ഗ്രൂപ്പ് നിലപാട് നിർണായകമായി. എ ഗ്രൂപ്പിൽനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും പി.ടി.തോമസിന്റെയും പേരും ഉയർന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ചെന്നിത്തലതന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരട്ടേയെന്ന നിലപാടാണ് എ ഗ്രൂപ്പ് പൊതുവായി സ്വീകരിച്ചത്. ഗ്രൂപ്പ് നിർദേശങ്ങൾക്കതീതമായി എ, ഐ വിഭാഗങ്ങളിൽനിന്ന് സ്വതന്ത്രമായ അഭിപ്രായങ്ങളും ഉയർന്നതായാണ് സൂചന.
എം.എൽ.എ.മാരുടെയും മുതിർന്ന നേതാക്കളുടെയും പൊതുവികാരം സംബന്ധിച്ച റിപ്പോർട്ട് പ്രതിനിധികൾ സോണിയാ ഗാന്ധിക്കു നൽകും.

