പ്രഗതി മൈതാന്‍ ഇടനാഴി ഉദ്ഘാടനംചെയ്തു; മാലിന്യങ്ങള്‍ നീക്കംചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രഗതി മൈതാന്‍ സംയോജിത ഗതാഗത ഇടനാഴി പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉദ്ഘാടനത്തിനു ശേഷം ഇടനാഴി നോക്കിക്കാണുന്നതിനിടെ മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ടണല്‍ സന്ദര്‍ശനത്തിനിടെ നിലത്തു കിടന്നിരുന്ന പ്ലാസ്റ്റിക് കുപ്പിയും മറ്റു മാലിന്യങ്ങളും നീക്കംചെയ്യുന്ന പ്രധാനമന്ത്രിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സ്വച്ഛഭാരത് പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത പ്രകടമാക്കുന്നതാണ് ഇതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് അദ്ദേഹത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രഗതി മൈതാന്‍ പുനര്‍വികസന പദ്ധതിയുടെ അവിഭാജ്യഘടകമാണ് സംയോജിത ഗതാഗത ഇടനാഴി. 920 കോടിയിലധികം രൂപ ചെലവഴിച്ചാണ് ഇടനാഴി പദ്ധതി പൂര്‍ത്തിയാക്കിയത്. പൂര്‍ണചെലവും കേന്ദ്രസര്‍ക്കാരിന്റേതാണ്. ഇടനാഴി പദ്ധതി വന്നതോടെ പ്രഗതി മൈതാനത്തു പണികഴിപ്പിക്കുന്ന പുതിയ പ്രദര്‍ശന-സമ്മേളന കേന്ദ്രത്തിലേക്കു സുഗമമായ പ്രവേശനം ലഭിക്കും. മൈതാനത്തു നടക്കുന്ന പരിപാടികളില്‍ പ്രദര്‍ശകര്‍ക്കും സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ പങ്കെടുക്കാനും സൗകര്യമൊരുങ്ങും.
പ്രഗതി മൈതാനത്തിനു മാത്രമല്ല, പദ്ധതി ഗുണം ചെയ്യുന്നത്. ഗതാഗതക്കുരുക്ക് കുറച്ച് വാഹനഗതാഗതം ഉറപ്പാക്കുകയും യാത്രക്കാരുടെ സമയവും ചെലവും ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യും. പ്രധാന തുരങ്കം റിങ് റോഡിനെ ഇന്ത്യാ ഗേറ്റുമായി ബന്ധിപ്പിക്കുന്നു. പുരാനാ കില റോഡുവഴി പ്രഗതി മൈതാനത്തിലൂടെയാണ് ഇത് കടന്നുപോകുന്നത്. ആറുവരിയായി വിഭജിച്ചിരിക്കുന്ന തുരങ്കത്തില്‍നിന്ന് പ്രഗതി മൈതാനത്തിന്റെ ബേസ്മെന്റ് പാര്‍ക്കിങ്ങിലേക്കും പോകാനാകും. പാര്‍ക്കിങ് മേഖലയുടെ ഇരുവശത്തുനിന്നും ഗതാഗതം സുഗമമാക്കുന്നതിന് പ്രധാന ടണല്‍ റോഡിനു താഴെ രണ്ടു ക്രോസ് ടണലുകള്‍ നിര്‍മിച്ചിട്ടുണ്ട്.
തുരങ്കത്തിനൊപ്പം ആറ് അടിപ്പാതകളും ഉണ്ടാകും. ഇതില്‍ നാലെണ്ണം മഥുര റോഡിലും ഒന്ന് ഭൈറോണ്‍ മാര്‍ഗിലും മറ്റൊന്ന് റിങ് റോഡും ഭൈറോണ്‍ മാര്‍ഗും ചേരുന്ന സ്ഥലത്തുമാണുള്ളത്. ഫലത്തില്‍ തുരങ്കം ഭൈറോണ്‍ മാര്‍ഗിലേക്കുള്ള ബദല്‍ പാതയാകും. അതോടെ ഭൈറോണ്‍ മാര്‍ഗിലെ ഗതാഗതം പകുതിയിലധികം കുറയ്ക്കാനാകുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.

