രാഹുലിന്റെയും പ്രശാന്ത് കിഷോറിന്റെയും ഫോണ്‍ചോര്‍ത്തി; ആരോപണം നിഷേധിച്ച കേന്ദ്രമന്ത്രിയും പട്ടികയില്‍

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഫോണും ചോർത്തിയെന്ന് റിപ്പോർട്ട്. രാഹുലിന്റെ രണ്ട് മൊബൈൽ ഫോണുകൾ 2018 മുതൽ ചോർത്തിയതെന്നാണ് ദി വയർ റിപ്പോർട്ട് ചെയ്യുന്നത്. 2018 ജൂൺ മുതൽ 2019 ജൂൺ വരെയാണ് രണ്ട് ഫോണുകളും ചോർത്തിയത്. അദ്ദേഹത്തിന്റെ അഞ്ച് സുഹൃത്തുക്കളുടേയും രണ്ട് സഹായികളുടേയും ഫോണുകളും ചോർത്തി. മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കളുടെ ഫോണുകൾ ചോർത്തിയതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിലൊന്ന് രാഹുൽ ഗാന്ധിയാണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലത്താണ് രാഹുലിന്റെ ഫോൺ ചോർത്തിയത്. എന്നാൽ ഫോൺ ചോർത്തൽ പട്ടികയിൽ ഉൾപ്പെട്ട രാഹുൽ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളിൽ ആർക്കും തന്നെ രാഷ്രീയ- സാമൂഹിക ബന്ധങ്ങളുല്ലെന്നും ദി വയർ റിപ്പോർട്ട് ചെയ്തു. ഫോൺ ചോർത്തൽ സംബന്ധിച്ച് തനിക്ക് സൂചന ലഭിച്ചിരുന്നു എന്നാണ് ഇക്കാര്യത്തിൽ രാഹുൽ ഗന്ധി പ്രതികരിച്ചത്. കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി പ്രഹാളാദ് സിങ് പട്ടേൽ എന്നിവരുടെ ഫോണുകളും ചോർത്തിയിട്ടുണ്ട്. പ്രമുഖരുടെ ഫോൺനമ്പറുകൾ നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തതായുള്ള ആരോപണത്തിന് പിന്നിൽ വസ്തുതകളില്ലെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പാർലമെന്റിൽ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫോണും ചോർത്തിയതായി വാർത്തകൾ പുറത്തുവന്നത്. പ്രഹാളാദ് സിങ് പട്ടേലുമായി അടുത്ത ബന്ധമുള്ള 18 പേരുടെ വിവരങ്ങളും പട്ടികയിലുണ്ട്. ഇവർക്ക് പുറമേ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷേറിന്റെ ഫോണും ചോർത്തിയിട്ടുണ്ട്. മമതാ ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി, മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരുടെ ഫോണും ചോർത്തിയവയിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരേ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടേയും അവരുടെ അവളുടെ അടുത്ത ബന്ധുക്കളുടെയും 11 ഫോൺ നമ്പറുകളും ഈ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്. മോദി സർക്കാരിലെ മൂന്ന് മന്ത്രിമാർ, മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കൾ, സുരക്ഷാ ഏജൻസികളുടെ നിലവിലുള്ളതും വിരമിച്ചതുമായ മേധാവികൾ, 40 പത്രപ്രവർത്തകർ, ബിസിനസുകാർ തുടങ്ങി ഇന്ത്യയിലെ മുന്നൂറോളം പ്രമുഖരുടെ ഫോൺനമ്പറുകൾ നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രയേലി ചാര സോഫ്റ്റ്വെയറായ പെഗാസസിന്റെ സാന്നിധ്യം ഈ നമ്പറുകളിൽ ചിലതിൽ കണ്ടതായാണ് വിദേശമാധ്യമങ്ങളായ ‘വാഷിങ്ടൺ പോസ്റ്റ്’, ‘ദ ഗാർഡിയൻ’ എന്നിവരും ഇവരുടെ ഇന്ത്യയിലെ പങ്കാളിയായ ‘ദ വയർ’ വെബ് മാധ്യമവും റിപ്പോർട്ട് ചെയ്തത്. പെഗാസസിന്റെ ഡേറ്റാ ബേസിൽ ഈ നമ്പറുകളുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതിയിലെ ഒരു ജഡ്ജിയുടെ ഫോൺനമ്പറും ഉണ്ടെന്നും ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. 50 രാജ്യങ്ങളിലായി ഒട്ടേറെ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അറബ് രാജകുടുംബാംഗങ്ങൾ, ബിസിനസ് എക്സിക്യുട്ടീവുകൾ, മനുഷ്യാവകാശപ്രവർത്തകർ, പത്രപ്രവർത്തകർ, രാഷ്ട്രീയപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഡേറ്റാ ബേസിലുണ്ടെന്ന് പറയുന്നു

