റോഡും പാലവുമില്ല; പുളിംകൊച്ചി കോളനിയിലേക്ക് മൃതദേഹം ചുമന്നത് ഒരു കിലോമീറ്റർ ദൂരം

രാജപുരം; കോളനിയിൽ എത്താൻ റോഡും പാലവുമില്ലാത്തതിനാൽ നാട്ടുകാർ മൃതദേഹം ചുമന്നത് ഒരു കിലോമീറ്റർ ദൂരം. പനത്തടി പഞ്ചായത്തിലെ പെരുതടി പുളിംകൊച്ചി കോളനി പ്രദേശത്തെ നാട്ടുകാരാണ് പുളിംകൊച്ചിയിൽ മരണപ്പെട്ട കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ പി.എ.ഗോപാലന്റെ മൃതദേഹം വീട്ടിൽ എത്തിക്കാൻ ഒരു കിലോമീറ്റർ ദൂരം ചുമന്ന് നടന്നത്. ഞായറാഴ്ചയാണ് ഗോപാലൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാവിലെ 11നാണ് മൃതദേഹം എത്തിച്ചത്. പുളിംകൊച്ചിയിൽ എത്താൻ ടാറിങ് നടത്തിയ റോഡ്, പാലം എന്നിവ ഇല്ലാത്തതിനാൽ രാത്രി മൃതദേഹം എത്തിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പുളിംകൊച്ചി തോടിനു സമീപം വരെ റോഡ് ഉണ്ടെങ്കിലും ഇതു ടാറിങ് നടത്തിയിട്ടില്ല. വേനൽക്കാലത്ത് ഈ റോഡു വഴി വന്ന് തോട്ടിലിറങ്ങിയാണ് വാഹനങ്ങൾ മറുകര എത്താറുള്ളത്. കനത്ത മഴയിൽ വെളളം കുത്തി ഒലിച്ച് ഒഴുകുന്ന സ്ഥിതിയിലാണ് ഇപ്പോൾ എന്നതിനാൽ ഇതുവഴി വാഹനം പോകില്ല.മഴക്കാലമെത്തിയാൽ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. മഴക്കാലത്ത് നാട്ടുകാർ തന്നെ നിർമിക്കുന്ന താൽക്കാലിക മരപ്പാലമാണ് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗം. ഈ മരപ്പാലം വഴിയാണ് ഇന്നലെ മൃതദേഹം ചുമന്ന് മറുകര എത്തിച്ചത്. റോഡും പാലവും ഇല്ലാത്തതിനാൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും സാധിക്കില്ല. മുപ്പതോളം ആദിവാസി കുടുംബങ്ങളാണ് കോളനിയിൽ ഉള്ളത്. മലമുകളിൽ നിന്നും കലിതുള്ളി ഒഴുകുന്ന പുളിംകൊച്ചി തോടിനെ മറികടക്കാൻ ഇവർക്ക് മാർഗങ്ങളില്ല. തോടിന് പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ജനങ്ങളുടെ ആവശ്യത്തിനെതിരെ അധികൃതർ മുഖം തിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് സബ് കലക്ടർ സ്ഥലം സന്ദർശിച്ചിരുന്നു.”

