വിടനല്‍കി ആയിരങ്ങള്‍, വിലാപയാത്രയില്‍ തിങ്ങിനിറഞ്ഞ് ജനം: പുതുപ്പള്ളിയിലേക്ക് രാഹുലുമെത്തും

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പുതുപ്പള്ളിയിലേക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തും. ഡൽഹിയിൽ ഉള്ള രാഹുൽ വ്യാഴാഴ്ച പുതുപ്പള്ളിയിൽ എത്തുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ മരണ വാർത്തയറിഞ്ഞ്, പ്രതിപക്ഷ ഐക്യയോഗം നടക്കുന്നിടത്ത് നിന്ന് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ അന്ത്യോപചാരം അര്‍പ്പിക്കാനായി ബെംഗളൂരുവിലെ ടി. ജോണിന്റെ വീട്ടിൽ എത്തിയിരുന്നു. അന്ത്യാഞ്ജലി അര്‍പ്പിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള ദേശീയ നേതാക്കൾ തിരികെ പോയത്. തുടന്ന് ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തേക്ക് പ്രത്യേക വിമാനത്തിൽ മൃതദേഹം എത്തിക്കുകയായിരുന്നു. തലസ്ഥാനത്ത് പൊതുദർശനത്തിനു വെച്ച ശേഷം ഇന്ന് രാവിലെ ഏഴ് മണിയോടെ പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. ഒരുനോക്കുകാണാൻ തിങ്ങിക്കൂടിയ ജനക്കൂട്ടത്തിനിടയിൽ മുന്നോട്ട് നീങ്ങാൻ പാടുപെടുകയാണ് വിലാപയാത്ര. വഴിയിൽ ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ടനേതാവിനെ ഒരു നോക്ക് കാണാൻ വേണ്ടി കണ്ണീരോടെ കാത്തിരിക്കുന്നത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം വ്യാഴാഴ്ച ഒരു മണിയോടെ പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ശേഷം 3.30ന് പള്ളിമുറ്റത്തെ പ്രത്യേക കല്ലറയിൽ വെച്ചായിരിക്കും സംസ്കാരം.


