ട്രെയിനിനു കല്ലെറിയുന്നവർക്ക് പിടിവീഴും; മേഖലയിൽ നിരീക്ഷണം ശക്തമാക്കി

കാഞ്ഞങ്ങാട് : ട്രെയിനിനു കല്ലെറിയുന്നവരെ പിടിക്കാൻ രഹസ്യ സ്ക്വാഡുമായി ഹോസ്ദുർഗ് പൊലീസ്. അടുത്ത ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ ട്രെയിനിനു നേരെ കല്ലേറ് ഉണ്ടായ സാഹചര്യത്തിലാണ് കല്ലെറിയുന്നവരെ പിടിക്കാനും റെയിൽവേ ട്രാക്ക് പരിസരത്തു സംശയകരമായി കാണുന്നവരെ പിടികൂടുന്നതിനും നാട്ടുകാരുടെ സഹായത്തോടെ രഹസ്യ സ്ക്വാഡുകൾ രൂപവത്കരിച്ചു പ്രവർത്തനം ആരംഭിച്ചത്. ഇത്തരം സ്ഥലങ്ങളിൽ സംശയകരമായി ആരെയെങ്കിലും കാണുകയാണെങ്കിൽ പൊലീസിനെ അറിയിക്കേണ്ടതാണ്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർ കെ.പി. ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ ഇതുമായി മുഴുവൻ സമയങ്ങളിലും പട്രോളിങ്ങും തുടങ്ങിയിട്ടുണ്ട്.

