KSDLIVENEWS

Real news for everyone

തെക്കിൽ-പെരുമ്പളക്കടവ് ബൈപ്പാസിന് കിഫ്ബി അനുവദിച്ചത് 55 കോടി രൂപ: എന്നിട്ടും വഴിതെളിഞ്ഞില്ല

SHARE THIS ON

ചട്ടഞ്ചാൽ: പറഞ്ഞുപറഞ്ഞ് ഒരു റോഡ്‌ ഇല്ലാതായി എന്നുപറയുന്നതാവും നിർദിഷ്ട തെക്കിൽ-പെരുമ്പളക്കടവ് റോഡിനെപ്പറ്റി പറയുന്നതിലെ ശരി. വർഷങ്ങൾ നീണ്ട ചർച്ച, ആലോചന, പുനരാലോചന, മധ്യസ്ഥതചർച്ച എന്നിവയൊന്നും ഇവിടെ റോഡെന്ന ആവശ്യത്തിന് പരാഹാരമുണ്ടാക്കിയില്ല.

സ്ഥലമെടുപ്പിനുൾപ്പെടെ 55 കോടി രൂപ കൈയിൽ വെച്ചുതന്നിട്ടും റോഡ്‌ ഇതുവരെ യാഥാർഥ്യമായില്ല. 2016-17 കാലഘട്ടത്തിൽ കിഫ്ബി പദ്ധതിയിൽ അംഗീകാരം ലഭിച്ചിട്ടും തർക്കങ്ങളെത്തുടർന്ന് യാഥാർഥ്യമാകാത്ത തെക്കിൽ -പെരുമ്പളക്കടവ് ബൈപ്പാസിന്റെ കാര്യമാണിത്.


യോജിപ്പിലെത്തേണ്ടത് നാട്ടുകാർ

സ്ഥലം ഏറ്റെടുക്കലിലെ ഭിന്നതയും രൂപരേഖയിലുണ്ടായ എതിർപ്പുമാണ് പദ്ധതി ഒട്ടും മുന്നോട്ടുപോകാതിരിക്കാൻ കാരണം. കെ. കുഞ്ഞിരാമൻ എം.എൽ.എ.യായപ്പോഴാണ് ബൈപ്പാസിന് സർക്കാരിൽ കടുത്ത സമ്മർദമുണ്ടായത്. പദ്ധതിക്ക് അനുവാദവും ലഭിച്ചു. പിന്നാലെ പല കോണുകളിൽനിന്നും എതിർപ്പുകളുമെത്തിത്തുടങ്ങി. രൂപരേഖയിൽ മാറ്റംവരുത്തണമെന്നായിരുന്നു പ്രധാന ആവശ്യം.


പദ്ധതി നടക്കില്ലെന്നായപ്പോൾ കെ. കുഞ്ഞിരാമൻ പദ്ധതി തുക മണ്ഡലത്തിലെ മറ്റുചില റോഡുകൾക്ക് വീതംവെക്കാൻ ശുപാർശ നൽകി. കിഫ്ബി പദ്ധതിയിൽ അനുവദിച്ച തുക വകമാറ്റി നൽകാൻ നിർവാഹമില്ല. പകരം ബൈപ്പാസ് ഫയലിലുറങ്ങി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ആയതിനുശേഷം വീണ്ടും വിഷയം ചർച്ചയ്ക്കെത്തി. ഇതോടെ തർക്കമുള്ള ഭാഗത്തെ അലൈൻമെന്റ് മാറ്റാൻ ആർ.ബി.ഡി.സി.കെ.യുടെ മേൽ സമ്മർദമേറി. അവർ വീണ്ടും സർവേ നടത്തി രണ്ടാമതൊരു രൂപരേഖയുണ്ടാക്കി. റോഡ് പോകുന്ന വഴി മനസ്സിലാക്കാൻ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ സാങ്കല്പിക കല്ലിട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടുകാരുടെ യോഗം നടത്തി. ഏഴാം വാർഡിലെ 100 മീറ്റർ ഭാഗത്ത് നിർമാണവുമായി ബന്ധപ്പെട്ടുള്ള തർക്കമുണ്ടായി. യോഗം കഴിഞ്ഞ് അഞ്ചുമാസം പിന്നിട്ടിട്ടും പദ്ധതിക്ക് ഒരു അനക്കവുമുണ്ടായില്ല.

പൊളിക്കേണ്ടത് 35 നിർമിതികൾ

-17-ലെ സംസ്ഥാന ബജറ്റിലാണ് ചന്ദ്രഗിരിപ്പുഴയോരത്തിലൂടെ നാലര കിലോമീറ്റർ ദൂരമുള്ള തെക്കിൽ-പെരുമ്പളക്കടവ് ബൈപ്പാസിന് 20 കോടി രൂപ നീക്കിവെച്ചതായി പ്രഖ്യാപനമുണ്ടായത്. 12 മീറ്റർ വീതിയിലാണ് ഇതിന് സ്ഥലം ഏറ്റെടുക്കേണ്ടത്. പുതിയ രൂപരേഖപ്രകാരം ഏകദേശം 35 നിർമിതികൾ നിർദിഷ്ട റോഡിന്റെ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

30 ശതമാനം പൊളിക്കേണ്ടിവരുന്ന എട്ട്‌ വീടുകൾ ഇവയിൽപ്പെടും. നാല്‌ വീടുകളുടെ 10 ശതമാനം ഭാഗം പെടും. പുഴ പുറമ്പോക്കിലാണ് റോഡിന്റെ സ്ഥാനം.

ചെലവ് കൂടി

നേരത്തെ സ്ഥലമെടുപ്പിന് 22.27 കോടി ഉൾപ്പെടെ കിഫ്ബി 55.27 കോടി അനുവദിച്ച പദ്ധതിക്ക് പുതിയ രൂപരേഖ പ്രകാരം 86 കോടി വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. പെരുമ്പള പാലവുമായി ബന്ധപ്പെടുത്തി 150 മീറ്റർ നീളത്തിൽ ബൈപ്പാസിന് പാലം നിർമിക്കാനുള്ള രൂപരേഖയാണ് ചെലവ് കൂട്ടിയത്. നാട്ടുകാർ സ്ഥലം സൗജന്യമായി വിട്ടുനൽകിയാൽ പദ്ധതി വേഗത്തിൽ നടപ്പാക്കാമായിരുന്നു.

2017 ഒക്ടോബർ 10-ന് ഭരണാനുമതി ലഭിച്ച പദ്ധതിക്ക് പക്ഷേ, പുതിയ വിശദ പദ്ധതിരേഖയും അടങ്കലും ഉണ്ടാക്കി വീണ്ടും ഭരണാനുമതി നേടണം. കിഫ്ബിയുടെ സാമ്പത്തികാനുമതിയും വേണം. നടപടിക്രമങ്ങൾ ഒരുപാടുണ്ടെങ്കിലും ഇതിനൊക്കെ മുൻപ് നാട്ടുകാരുടെ എതിർപ്പാണ് മാറേണ്ടതെന്നാണ് അധികൃതർ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!