കേരളത്തിന്റെ വ്യവസായ വികസനകേന്ദ്രമായി കാസർകോട് മാറും -പി. രാജീവ്

ഉദുമ : ഒറ്റക്കെട്ടായി ശ്രമിച്ചാൽ വ്യവസായികരംഗത്ത് മാറ്റങ്ങളുണ്ടാകുമെന്നും അത്തരമൊന്നാണ് റൈസിങ് കാസർകോട് എന്ന ആശയമെന്നും വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. ഭൂമിയുടെ ലഭ്യതയുൾപ്പെടെ പല ഘടകങ്ങൾകൊണ്ടും കാസർകോടിന്റെ പശ്ചാത്തലം വ്യവസായമേഖലയ്ക്ക് അനുകൂലമാണ്. കേരളത്തിന്റെ വ്യവസായവികസനത്തിന്റെ കേന്ദ്രമായി കാസർകോട് മാറുമെന്നും മന്ത്രി പറഞ്ഞു. ഉദുമ ലളിത് റിസോർട്ടിൽ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് ജില്ലാ വ്യവസായകേന്ദ്രം നടത്തുന്ന റൈസിങ് കാസർകോട് നിക്ഷേപകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംരംഭങ്ങൾ ആരംഭിക്കുന്നതിനപ്പുറം അതിന് തുടർച്ചയുണ്ടാകണം. വ്യവസായവകുപ്പിന് കീഴിൽ സംരംഭങ്ങൾക്കുള്ള ഡാഷ്‌ബോർഡ് വരുമ്പോൾ ഇടപെടൽ കൂടുതൽ എളുപ്പമാകും. കെ.എസ്.ഐ.ഡി.സി.ക്ക് അതിന് പിന്തുണ നൽകാൻ കഴിയും. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കൺവീനറും വ്യവസായവകുപ്പിലെ കെ.എ.എസ്. ഉദ്യോഗസ്ഥൻ നോഡൽ ഓഫീസറുമായി ഏകോപന സമിതിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ സാധ്യതയാണ് കാസർകോടിന്റെ വ്യവസായികരംഗത്തേക്ക് ആളുകളെ ആകർഷിക്കുന്നത്. ജില്ലയിൽ സർക്കാർ-സ്വകാര്യ ഭൂമി ലഭ്യമാണ്. ഭൂമിയുടെ വിലയും കേരളത്തിലെ മഹാനഗരങ്ങളെ അപേക്ഷിച്ച് കുറവാണ്. സ്വകാര്യവ്യവസായ പാർക്കുകളുടെ സാധ്യതകളും ഏറെയാണ്. 11 പാർക്കുകൾക്കായി സ്ഥലം കൈമാറി. നിലവിൽ 50 അപേക്ഷകൾ വന്നിട്ടുണ്ടെന്നും 500 ഏക്കറിൽ സ്വകാര്യ എസ്റ്റേറ്റുകൾ വ്യവസായ പാർക്കുകളായി മാറും. സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യസംസ്കരണ പാർക്കുകളിൽ ഒന്ന് ഉദുമ സ്പിന്നിങ് മിൽ മേഖലയിൽ ആരംഭിക്കും. കാസർകോട് ആസ്ട്രാൽ വാച്ചസ് സ്ഥലത്ത് പുതിയ സംരംഭത്തിനുള്ള വിശദ പദ്ധതിരേഖ തയ്യാറായെന്നും മന്ത്രി അറിയിച്ചു. തുറമുഖമന്ത്രി അഹമദ് ദേവർ കോവിൽ അധ്യക്ഷനായി. മടിക്കൈയിലെ വ്യവസായ എസ്റ്റേറ്റിലെ രണ്ട് സംരംഭങ്ങൾക്കുള്ള അലോട്‌മെന്റും ചടങ്ങിൽ കൈമാറി. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എ.മാരായ സി.എച്ച്. കുഞ്ഞമ്പു, എൻ.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ, എ.കെ.എം. അഷ്റഫ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ബേബി ബാലകൃഷ്ണൻ, പി.പി. ദിവ്യ, പി.കെ. സജീവ്, പി. കരുണാകരൻ, ഷാനവാസ് പാദൂർ, മറ്റു ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു. വ്യവസായ പ്രമുഖരെ മന്ത്രി പി. രാജീവ് ആദരിച്ചു

