പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസം: മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു.

ഉപ്പള : മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഖദീജത്ത് റിസാന സാബിറിനെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയ മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയെ സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടു. ലീഗ് ജില്ലാ കമ്മിറ്റിയുടെയും മണ്ഡലം കമ്മിറ്റിയുടെയും നിർദേശങ്ങൾ മറികടന്ന് സ്വന്തം പാർട്ടിയിലെ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയതാണ് അച്ചടക്കനടപടിക്ക് കാരണമായത്. മംഗൽപ്പാടി പഞ്ചായത്തിൽ അഡ്ഹോക്ക് കമ്മിറ്റി (താത്കാലിക സമിതി) രൂപവത്കരിക്കാൻ ലീഗ് ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വം നിർദേശിച്ചു.
ജില്ലാ നേതൃത്വത്തെ അവഗണിച്ചുള്ള പഞ്ചായത്ത് കമ്മിറ്റി നീക്കത്തിനെതിരേ സംസ്ഥാനനേതൃത്വത്തിന് പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടിയുണ്ടായത്. 31-നാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകിയിരുന്നത്. ഒരാഴ്ച മുൻപ് നടന്ന ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ നടന്ന ചർച്ചയ്ക്കുശേഷമാണ് പ്രസിഡന്റിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. തുടർന്ന് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ കെ. ശീതളയ്ക്ക് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. വിഷയത്തിൽ സമവായം കണ്ടെത്താൻ ജില്ലാ കമ്മിറ്റി ഇടപെട്ടെങ്കിലും പഞ്ചായത്ത് ഭാരവാഹികൾ തണുത്തില്ല. പ്രസിഡന്റിനെ മാറ്റേണ്ടതില്ലെന്നും പ്രശ്നപരിഹാരത്തിന് മറ്റുമാർഗങ്ങൾ കണ്ടെത്തണമെന്നുമാണ് ജില്ലാ കമ്മിറ്റി പഞ്ചായത്ത് കമ്മിറ്റിയെ അറിയിച്ചത്. പാർട്ടിനിർദേശം വകവെയ്ക്കാതെയാണ് പ്രസിഡന്റ് പ്രവർത്തിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.
ജില്ലാ കമ്മിറ്റിയുടെ ഇടപെടൽ കാരണം ജൂലായിൽ അവിശ്വാസപ്രമേയത്തിനുള്ള നീക്കത്തിൽനിന്ന് പിൻമാറിയിരുന്നു. കുബണൂർ മാലിന്യ പ്ലാന്റിലെ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാൻ മംഗളൂരുവിലെ സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയത് പാർട്ടിയുടെ നിർദേശം പാലിച്ചില്ലെന്ന് ആരോപിച്ചാണ് നിലവിൽ അവിശ്വാസത്തിനു നീക്കം തുടങ്ങിയത്. പ്ലാന്റിലെ മാലിന്യം നീക്കാൻ മംഗളൂരുവിലെ സ്വകാര്യ കമ്പനിക്ക് 84 ലക്ഷത്തിനാണ് ടെൻഡർ നൽകിയത്. ഇതിന്റെ ആദ്യ ഗഡുവായി 15 ലക്ഷം കമ്പനിക്ക് കൈമാറാൻ തീരുമാനിച്ചു. മാലിന്യം നീക്കാതെ പണം കൈമാറരുതെന്ന് പാർട്ടിയുടെ നിർദേശം ലംഘിച്ച് പ്രസിഡന്റ് ചില ഉദ്യോഗസ്ഥരുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചുവെന്നാണ് വിമർശനം.

