KSDLIVENEWS

Real news for everyone

ഓപ്പറേഷൻ ഗജയ്ക്ക് ശേഷം വീണ്ടും കാട്ടാനയുടെ ആക്രമം ; അഡൂരിൽ കൃഷികൾ നഷിപ്പിച്ചു

SHARE THIS ON

അഡൂർ: പതിനാല് ദിവസത്തെ ഇടവേളയ്ക്കുശേഷം പുലിപ്പറമ്പ് വേലി തകർത്ത് ആനക്കൂട്ടം തിരിച്ചുവന്നു. ഏഴ് ആനകളുടെ കൂട്ടമാണ് പാണ്ടി വനത്തിലേക്ക് തിരിച്ചെത്തിയത്. ദേലംപാടി, മുളിയാർ പഞ്ചായത്തുകളിൽ വർഷങ്ങളായി കൃഷിനാശം വരുത്തിയിരുന്ന ആനക്കൂട്ടത്തെ ‘ഓപ്പറേഷൻ ഗജ’ എന്ന തീവ്ര ആനതുരത്തൽ പദ്ധതിയിലൂടെയാണ് തിരിച്ച് കർണാടക വനത്തിലെത്തിച്ചത്.
പത്ത് ദിവസത്തെ ദൗത്യത്തിൽ കണ്ണവം, വയനാട് മേഖലയിലെ പ്രത്യേക പരിശീലനം ലഭിച്ച സേനയും നൂറിലധികം നാട്ടുകാരും രാവും പകലും പങ്കെടുത്താണ് ഇവയെ തുരത്തിയത്. തുടർന്ന് വനാതിർത്തിയിലെ വൈദ്യുത വേലി പുനഃസ്ഥാപിക്കുകയുംചെയ്തു.
നിരീക്ഷണത്തിന് വനപാലകരെയും നിർത്തിയിരുന്നു. ഇവരുടെ കൺമുമ്പിലൂടെയാണ് ആനക്കൂട്ടം വേലി തകർത്ത് തിരിച്ചെത്തിയത്. തീയിട്ടും പടക്കം പൊട്ടിച്ചും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും തടയാനായില്ല. ബന്തടുക്ക സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.ബാബുവിന്റെ നേതൃത്വത്തിൽ വനപാലകർ ആനക്കുട്ടത്തെ തിരിച്ചോടിക്കാനുള്ള തീവ്രശ്രമത്തിലാണ്.
അഡൂരിൽ കൃഷി നശിപ്പിച്ചു
തിരിച്ചെത്തിയ കാട്ടാനകൾ അഡൂർ മാവിനടിയിലെ എം.മുരളിധര ഭട്ടിന്റെ കൃഷിയിടത്തിലിറങ്ങി ഒട്ടേറെ കവുങ്ങുകളും വാഴകളും നശിപ്പിച്ചു. ഇപ്പോൾ വനത്തികത്തുള്ള ആനക്കൂട്ടത്തെ ഉടൻ തുരത്താനായില്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ അവ മുളിയാർ വനത്തിലെത്തും.
കിടങ്ങ് മാത്രമാണ് പോംവഴി
ആനക്കൂട്ടത്തെ പ്രതിരോധിക്കാൻ വൈദ്യുത വേലിക്കാവില്ലെന്ന് തെളിഞ്ഞതിനാൽ അതിർത്തിയിൽ കിടങ്ങ് നിർമിക്കണമെന്നാണ് കർഷകരുടെ അഭിപ്രായം. അതിവിദഗ്ധമായാണ് ആനക്കൂട്ടം വൈദ്യുതവേലി തകർക്കുന്നത്. കിടങ്ങ് ആനക്കൂട്ടത്തെ മാത്രമല്ല പുലിയുടെ വരവും തടയും. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആശങ്ക അകറ്റണമെന്നാണ് കർഷകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!