KSDLIVENEWS

Real news for everyone

രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയത് സാധുതയുള്ളത് നല്‍കാന്‍; സിപിഎം ഓഫീസിന് അര്‍ഹതയുണ്ടാകും-റവന്യൂമന്ത്രി

SHARE THIS ON

തിരുവനന്തപുരം: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം ആരേയും കുടിയിറക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് റവന്യൂമന്ത്രി കെ. രാജൻ. രവീന്ദ്രൻ പട്ടയങ്ങൾ തിരിച്ചുവാങ്ങി അർഹരായവർക്ക് സാധുതയുള്ള പുതിയ പട്ടയങ്ങൾ നൽകുക മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രവീന്ദ്രൻ പട്ടയം കൈവശം വെച്ചതുകൊണ്ട് ആർക്കും ഒരുകാര്യവുമില്ല. നിയമസാധുതയില്ലാത്തതിനാൽ ബാങ്കിൽ നിന്ന് വായ്പയെടുക്കാനും മറ്റും ആളുകൾ വലഞ്ഞിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് അർഹാരയവർക്ക് സാധുതയുള്ള പട്ടയം നൽകുന്നതിനുള്ള നടപടികൾ 2019-ൽ ഇടതുമുന്നണി സർക്കാർ ആരംഭിച്ചത്. 532 പട്ടയങ്ങളാണ് റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു.


കഴിഞ്ഞ സർക്കാർ എടുത്ത തീരുമാനമാണിത്. അർഹതയുള്ളവർക്ക് പുതിയ പട്ടയം നൽകും. അർഹതയില്ലാത്തത് റദ്ദാക്കും. മൂന്നാറിലെ സിപിഎം ഓഫീസിന് പട്ടയത്തിന് അർഹതയുള്ളത് കൊണ്ടാകും അത് പതിച്ചുകൊടുത്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. നേരത്തെ ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചിട്ടുള്ളതാണ്. ഇതൊരു പുതിയ ഉത്തരവല്ല. നേരത്തെയുള്ള നടപടിക്രമങ്ങളുടെ തുടർച്ചയാണെന്നും റവന്യൂ മന്ത്രി കൂട്ടിച്ചേർത്തു.

ഇടുക്കിയിലെ ദേവികുളം താലൂക്കിൽ അഡീഷണൽ തഹസിൽദാരുടെ ചുമതല വഹിച്ചിരുന്ന എം.ഐ. രവീന്ദ്രൻ അധികാരപരിധി മറികടന്ന് അനധികൃതമായി നൽകിയ പട്ടയങ്ങളാണ് റദ്ദാക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകാണ് ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം ഇടുക്കി ജില്ലാ കളക്ടർ നടപടി എടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!