KSDLIVENEWS

Real news for everyone

അമ്മ കുഞ്ഞിനെ കൊല്ലുമ്പോള്‍ വടാപാവ് കഴിച്ച് കണ്ടുനിന്ന സഹോദരിമാര്‍; മൃതദേഹവുമായി സിനിമയ്ക്ക് പോയി

SHARE THIS ON

പോക്കറ്റടിയും ചെറിയ മോഷണവുമായി കഴിയുന്ന അമ്മയും രണ്ട് പെൺമക്കളും. 1996-ൽ പോലീസ് തേടിവരുന്നതുവരെ അഞ്ജനാഭായിയും മക്കളായ രേണുകയും സീമയും അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ നാസിക് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ മണ്ഡലേശ്വർ മാധവറാവു കാലേയുടെ അന്വേഷണത്തിൽ ആ മൂന്ന് സ്ത്രീകൾ കാണിച്ചുകൂട്ടിയ ക്രൂരതകൾ വെളിച്ചത്താവുകയായിരുന്നു. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയവരാണ് അമ്മയും പെൺമക്കളുമെന്ന വിവരമറിഞ്ഞ് നാടാകെ ഞെട്ടി. അഞ്ച് വർഷം ആരുമറിയാതെ ഒളിപ്പിച്ച സംഭവങ്ങൾ ഓരോന്നായി പുറത്തായി. അമ്മയും മക്കളും അഴിക്കുള്ളിലാവുകയും സഹോദരിമാരായ യുവതികൾക്ക് പിന്നീട് വധശിക്ഷ ലഭിക്കുകയും ചെയ്തു.

കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ കോലാപ്പുരിലെ സഹോദരിമാരായ രേണുക ഷിന്ദേ(49)യ്ക്കും സീമ ഗാവിതി(43)നും 2001-ലാണ് കോലപ്പുർ സെഷൻസ് കോടതി വധശിക്ഷ വിധിക്കുന്നത്. പിന്നീട് മേൽക്കോടതികൾ ഈ വിധി ശരിവെച്ചു. രാഷ്ട്രപതിക്ക് ദയാഹർജി നൽകിയെങ്കിലും ഇത് തള്ളിപ്പോയിരുന്നു.


എന്നാൽ വധശിക്ഷ കാത്തുകഴിയുകയായിരുന്ന കോലാപ്പുരിലെ സഹോദരിമാർക്ക് കഴിഞ്ഞദിവസം ശിക്ഷയിൽ ഇളവ് ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് വധശിക്ഷ ജീവപര്യന്തമായി വെട്ടിക്കുറച്ചത്. അതേസമയം, 25 വർഷത്തോളമായി തടവിൽ കഴിയുന്നതിനാൽ ജയിലിൽനിന്ന് വിട്ടയക്കണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി. പ്രതികൾ ചെയ്തത് ക്രൂരമായ കുറ്റകൃത്യമാണെന്നും മരണംവരെ തടവ് തന്നെയാണ് ഇവർക്കുള്ള ശിക്ഷയെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി.

13 കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും അതിൽ അഞ്ചുപേരെ കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിൽ 2001-ലാണ് കോലാപ്പുർ സെഷൻസ് കോടതി സഹോദരിമാർക്ക് വധശിക്ഷ വിധിച്ചത്. 2004-ൽ ബോംബെ ഹൈക്കോടതിയും 2016-ൽ സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചു. രാഷ്ട്രപതിക്ക് ദയാഹർജി നൽകിയെങ്കിലും തള്ളിപ്പോയി. എന്നാൽ ഇതെല്ലാം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പ്രതികളുടെ ശിക്ഷ നടപ്പാക്കാൻ സർക്കാരിന് കഴിയാത്തകാര്യം എടുത്തുകാട്ടിയാണ് ഹൈക്കോടതി ഒടുവിൽ ഇവരുടെ ശിക്ഷ വെട്ടിക്കുറച്ചത്. നിലവിൽ രണ്ട് പേരും യാർവാഡ ജയിലിൽ തടവിൽ കഴിയുകയാണ്.


1990-96 കാലയളവിലാണ് സഹോദരിമാരായ യുവതികളും ഇവരുടെ അമ്മയും ചേർന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. യുവതികളുടെ അമ്മയായ അഞ്ജനാഭായിയും കേസിലെ പ്രതിയായിരുന്നു. എന്നാൽ കേസിന്റെ വിചാരണയ്ക്കിടെ 1997-ൽ ഇവർ മരിച്ചു.

സീരിയർ കില്ലർമാരായ സഹോദരിമാർ, പുറത്തറിഞ്ഞത് 1996-ൽ

ക്രാന്തി ഗാവിത് എന്ന ഒമ്പതുവയസ്സുകാരിയെ കാണാതായ സംഭവമാണ് സീരിയൽ കില്ലർമാരായ സഹോദരിമാരുടെ കൊടുംക്രൂരതകൾ വെളിച്ചത്തുവരാനിടയാക്കിയത്. നാസിക് പോലീസിലെ ഉദ്യോഗസ്ഥനായ മാധവറാവു കാലേ, ഒമ്പതുവയസ്സുകാരിയെ കാണാതായ കേസിൽ നടത്തിയ വിശദമായ അന്വേഷണം രാജ്യം ഞെട്ടിയ കൊലപാതക പരമ്പരയുടെ ചുരുളഴിക്കുകയായിരുന്നു. കാണാതായ ക്രാന്തി ഗാവിത് എന്ന പെൺകുട്ടിയുടെ കുടുംബപശ്ചാത്തലം സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് അന്ന് വഴിത്തിരിവായത്.


മോഹൻ ഗാവിത്- പ്രതിഭ ദമ്പതിമാരുടെ രണ്ട് പെൺമക്കളിൽ മൂത്തയാളായിരുന്നു ഒമ്പത് വയസ്സുകാരിയായ ക്രാന്തി. പെൺകുട്ടിയെ കാണാതായതിന് പിന്നാലെ പ്രതിഭ പോലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവിന്റെ ആദ്യഭാര്യയും മക്കളുമാണ് തന്റെ മകളെ തട്ടിക്കൊണ്ടുപോയതെന്നും ഇവർ ആരോപിച്ചു. ഭർത്താവിനോടുള്ള വിരോധത്തിന്റെ പേരിലാണ് അവരിത് ചെയ്തതെന്നും പ്രതിഭ പോലീസിനോട് പറഞ്ഞിരുന്നു.

എന്നാൽ മോഹൻ ഗാവിതിന്റെ ആദ്യഭാര്യയായ അഞ്ജനാഭായിയും മക്കളായ രേണുകയും സീമയും ഇതിനോടകം ഒളിവിൽ പോയിരുന്നു. ഇവർക്കായി ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പക്ഷേ, ദിവസങ്ങൾക്കകം പോലീസിന്റെ കെണിയിൽ അവർ മൂന്നുപേരും കുടുങ്ങി. മോഹൻ ഗാവിത്തിനോടുള്ള ഒടുങ്ങാത്ത പക കാരണം അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും നാസിക് പോലീസിന്റെ പിടിയിലായത്.

മോഹൻ ഗാവിത്തിന്റെ രണ്ടാമത്തെ മകളെ തട്ടിക്കൊണ്ടുപോകാനായി എത്തിയപ്പോൾ അഞ്ജനയെയും സീമയെയും രേണുകയെയും പോലീസ് അറസ്റ്റ് ചെയ്തു. പക്ഷേ, എത്രചോദിച്ചിട്ടും അഞ്ജന ഒരുവാക്ക് പോലും പോലീസിനോട് പറഞ്ഞില്ല. ഒടുവിൽ കൂട്ടത്തിൽ അല്പം ദുർബല സീമയാണെന്ന് പോലീസിന് ബോധ്യമായി. വിശദമായി ചോദ്യംചെയ്തതോടെ സീമ എല്ലാം തുറന്നുപറയുകയും ചെയ്തു.


ഒമ്പത് വയസ്സുകാരിയായ ക്രാന്തിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു സീമയുടെ കുറ്റസമ്മതം. അമ്മയ്ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നും ഇവർ വെളിപ്പെടുത്തി.

പ്രതികളിലൊരാൾ കുറ്റംസമ്മതിച്ചതോടെ ഇവരുടെ വീട് പരിശോധിക്കാനായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. നാസിക്കിലെ ഇവരുടെ വീട്ടിലെത്തിയപ്പോൾ ദുരൂഹത ഇരട്ടിപ്പിക്കുന്ന കാഴ്ചകളാണ് പോലീസ് സംഘം കണ്ടത്. വീടിനകത്താകെ കുട്ടികളുടെ വസ്ത്രങ്ങൾ ചിതറിക്കിടക്കുന്നനിലയിലായിരുന്നു. പ്രദേശവാസികളല്ലാത്ത ചില കുട്ടികളുടെ ചിത്രങ്ങളും വീട്ടിൽനിന്ന് കിട്ടി. രേണുകയുടെ മകന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളായിരുന്നു ഇവ. ആ ചിത്രങ്ങളിൽ പ്രദേശവാസികളല്ലെന്ന് ഉറപ്പായ മറ്റുചില കുട്ടികളും ഉണ്ടായിരുന്നു. ഇതോടെ പ്രതികളെ വീണ്ടും ചോദ്യംചെയ്യുകയും മറ്റു കുറ്റകൃത്യങ്ങളുടെ ചുരുളഴിയുകയുമായിരുന്നു.

മോഷണത്തിന് പിടിക്കപ്പെടാതിരിക്കാൻ കുഞ്ഞുങ്ങളെ ഉപയോഗിച്ചു…


ചെറിയ മോഷണവും പിടിച്ചുപറിയുമെല്ലാം നടത്തിയിരുന്ന അഞ്ജനയും രണ്ട് മക്കളും മോഷണത്തിനിടെ പിടിക്കപ്പെട്ടാൽ രക്ഷപ്പെടാൻ വേണ്ടിയാണ് കുട്ടികളെ ഉപയോഗിച്ചിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 1990-ലായിരുന്നു ഇതിന്റെ തുടക്കം. ഒരു ക്ഷേത്രത്തിൽവെച്ച് പോക്കറ്റടിക്കാൻ ശ്രമിക്കുന്നതിനിടെ രേണുകയെ നാട്ടുകാർ പിടികൂടിയിരുന്നു. ഈ സമയം ആദ്യവിവാഹത്തിലെ കുട്ടിയായ സുധീറും രേണുകയ്ക്കൊപ്പമുണ്ടായിരുന്നു. നാട്ടുകാർ പിടികൂടിയതോടെ കുഞ്ഞിനെ കാണിച്ച് രക്ഷപ്പെടാനായിരുന്നു രേണുകയുടെ ശ്രമം. കുഞ്ഞുമായി ക്ഷേത്രത്തിലെത്തിയ താൻ ഒരിക്കലും മോഷ്ടിക്കില്ലെന്ന് ഇവർ കരഞ്ഞുപറഞ്ഞു. ഇതോടെ യുവതിയെ നാട്ടുകാർ വിട്ടയക്കുകയും ചെയ്തു.

ഈ സംഭവത്തിന് ശേഷമാണ് ഒരു കുഞ്ഞ് കൂടെയുണ്ടെങ്കിൽ മോഷണവും പിടിച്ചുപറിയുമെല്ലാം എളുപ്പമാകുമെന്ന് മൂവരും കരുതിയത്. പിടിക്കപ്പെട്ടാൽ കുഞ്ഞുങ്ങളെ ഉപയോഗിച്ച് രക്ഷപ്പെടാനാകുമെന്നും ഇവർ കണക്കുക്കൂട്ടി. അങ്ങനെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകൽ ആരംഭിച്ചതെന്നാണ് പോലീസ് പറയുന്നത്.

പല സംഭവങ്ങൾ, മറയായി കുഞ്ഞുങ്ങൾ…


ഒരിക്കൽ കോലാപ്പുരിൽ മോഷണശ്രമത്തിനിടെ സീമയെ നാട്ടുകാർ പിടികൂടിയിരുന്നു. നാട്ടുകാർ സീമയെ തടഞ്ഞുവെച്ചപ്പോൾ രക്ഷപ്പെടാനുള്ള തന്ത്രം പുറത്തെടുത്തത് അമ്മയായ അഞ്ജനയാണ്. കൈയിലുണ്ടായിരുന്ന ഒരുവയസ്സുള്ള സന്തോഷ് എന്ന കുഞ്ഞിനെ അഞ്ജന ക്രൂരമായി മർദിക്കുകയും നിലത്തേക്കെറിയുകയും ചെയ്തു. ഇതോടെ നാട്ടുകാരുടെ ശ്രദ്ധ കുഞ്ഞിലേക്കാവുകയും സീമ തന്ത്രപൂർവം രക്ഷപ്പെടുകയുമായിരുന്നു.

പുണെ, നാസിക്, കോലാപ്പുർ എന്നിവിടങ്ങളിലെ തിരക്കേറിയ സ്ഥലങ്ങളിൽനിന്നും ക്ഷേത്രപരിസരങ്ങളിൽനിന്നുമാണ് മൂവരും കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നത്. ഇതിൽ ചില സംഭവങ്ങളിൽ മാത്രമാണ് പോലീസിൽ പരാതിയെത്തിയത്. തട്ടിക്കൊണ്ടുപോയ കുട്ടികളിൽ ഭൂരിഭാഗവും ദരിദ്രകുടുംബങ്ങളിൽപ്പെട്ടവരായതിനാൽ അവരുടെ ബന്ധുക്കളാരും പോലീസിൽ പരാതി നൽകാനോ അന്വേഷിക്കാനോ മുന്നോട്ടുവന്നില്ല. ഇതും പ്രതികൾക്ക് കാര്യങ്ങൾ എളുപ്പമാക്കി.

ഏകദേശം 40-ലേറെ കുട്ടികളെ പ്രതികൾ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ 13 തട്ടിക്കൊണ്ടുപോകൽ കേസുകളും അഞ്ച് കൊലക്കേസുകളുമാണ് പോലീസിന് തെളിയിക്കാനായത്. മറ്റുസംഭവങ്ങളിലൊന്നും ഒരു തെളിവ് പോലും പോലീസിന് കണ്ടെത്താനായില്ല.


കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് കരഞ്ഞതിന്, കൊടുംക്രൂരത

അഞ്ജനയും സഹോദരിമാരായ യുവതികളും കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെല്ലാം അവർ കരഞ്ഞതിന്റെ പേരിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സന്തോഷ് എന്ന ഒരുവയസ്സുകാരനെ ഒരു ഭിക്ഷക്കാരിയിൽനിന്നാണ് പ്രതികൾ തട്ടിയെടുത്തത്. വീട്ടിൽവെച്ച് കുഞ്ഞ് നിർത്താതെ കരഞ്ഞതോടെ അഞ്ജന കുഞ്ഞിനെ ഇരുമ്പ് കമ്പിയിൽ തലയിടിപ്പിച്ച് കൊല്ലുകയായിരുന്നു. ഈ സമയം വടാപാവ് കഴിച്ചുകൊണ്ട് രേണുകയും സീമയും അമ്മയുടെ ക്രൂരത കണ്ടുനിൽക്കുകയും ചെയ്തു.

പഴയ റിക്ഷകൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് ഇവർ സന്തോഷിന്റെ മൃതദേഹം ഉപേക്ഷിച്ചത്. ശേഷം വീട്ടിലേക്ക് മടങ്ങി. പിറ്റേദിവസമാണ് നാട്ടുകാർ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ലക്ഷ്മിപുർ പോലീസ് കേസെടുത്തെങ്കിലും അന്വേഷണം എവിടെയും എത്തിയില്ല.

ഏഴുമാസം പ്രായമുള്ള സ്വപ്നിലാണ് പ്രതികൾ കൊലപ്പെടുത്തിയ മറ്റൊരു കുട്ടി. നിർത്താതെ കരഞ്ഞതായിരുന്നു ഈ കൊലപാതകത്തിന്റെയും കാരണം. ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ സീമ നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മറ്റൊരു രണ്ട് വയസ്സുകാരനെ തലകീഴായി കെട്ടിത്തൂക്കിയും തല ചുമരിലിടിപ്പിച്ചുമാണ് പ്രതികൾ കൊലപ്പെടുത്തിയത്.

ഒരു കുട്ടിയെ സീമയും രേണുകയും കുളിമുറിയിൽവെച്ച് വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. സഹോദരിമാരിലൊരാൾ കുട്ടിയുടെ കാലുകൾ പിടിച്ചുവെച്ചപ്പോൾ മറ്റൊരാൾ കുട്ടിയുടെ തല വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി.

ഒരു കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം സഹോദരിമാർ ഒരുമിച്ച് സിനിമയ്ക്ക് പോയതായും അന്വേഷണത്തിൽ കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹം ചാക്കിലാക്കി ഈ ചാക്കുമായാണ് ഇവർ സിനിമയ്ക്ക് പോയത്. ചാക്ക് കാലിനിടയിൽവെച്ചാണ് സഹോദരിമാർ സിനിമ കണ്ട് തീർത്തതെന്നും ഇതിനിടെ ഭേൽപുരി കഴിച്ചെന്നും സിനിമ കഴിഞ്ഞതിന് ശേഷം ചാക്ക് തിയേറ്ററിലെ ശൗചാലയത്തിൽ ഉപേക്ഷിച്ചെന്നും പോലീസ് പറയുന്നു.

പ്രതി മാപ്പുസാക്ഷിയായി, നിർണായകം…

രേണുകയുടെ രണ്ടാംഭർത്താവായ കിരൺ ഷിന്ദേയെയും പോലീസ് കേസിൽ പ്രതിചേർത്തിരുന്നു. എന്നാൽ തെളിവുകളും മൊഴികളും വെല്ലുവിളിയായ കേസിൽ കിരണിനെ പിന്നീട് മാപ്പുസാക്ഷിയാക്കി. സഹോദരിമാരും അമ്മയും ചെയ്തുകൂട്ടിയെ ക്രൂരതകളെല്ലാം ഇതോടെ കിരൺ ഷിന്ദേ പോലീസിനോട് വെളിപ്പെടുത്തി. കൊലപ്പെടുത്തിയ കുട്ടികളുടെ മൃതദേഹങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങളും ഇയാൾ പോലീസിന് കാണിച്ചുകൊടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!