‘വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് സംശയം’; എസ്എഫ്ഐ നേതാവിന് ഡിവൈഎഫ്ഐ നേതാവിന്റെ മർദനം

“ഹരിപ്പാട് ∙ എസ്എഫ്ഐ ഏരിയ പ്രസിഡന്റിനെ ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി ബൈക്കിടിച്ചു വീഴ്ത്തി മർദ്ദിച്ചതായി പരാതി. കേരള സർവകലാശാല യൂണിയൻ വൈസ് ചെയർപഴ്സൻ കൂടിയായ ചിന്നുവാണ് ആക്രമണത്തിന് ഇരയായത്. ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്പാടി ഉണ്ണിയാണ് ആക്രമിച്ചതെന്നാണ് പരാതി. അമ്പാടി ഉണ്ണിക്കെതിരെ ചിന്നു പാർട്ടി നേതൃത്വത്തിനു പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് സൂചന. ഹരിപ്പാട് നാരകത്തറ ജംക്ഷനിൽ ഇന്നു വൈകിട്ട് നാലരയോടെയാണ് ചിന്നുവിനെതിരെ ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ വരുമ്പോൾ ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം മർദ്ദിച്ചെന്നാണ് പരാതി. തലയ്ക്ക് ഉൾപ്പെടെ പരുക്കേറ്റ ചിന്നു ചികിത്സയിലാണ്. ഡിവൈഎഫ്ഐയുടെ ബ്ലോക്ക് വൈസ് പ്രസിഡന്റും സിപിഎം കുമാരപുരം ബ്രാഞ്ച് സെക്രട്ടറിയുമാണ് പ്രതിയായ അമ്പാടി ഉണ്ണി. ഇയാൾക്കൊപ്പം മറ്റു ചിലരുമുണ്ടായിരുന്നുവെന്നാണ് വിവരം. അതിനിടെ. അമ്പാടി ഉണ്ണിയെ ഡിവൈഎഫ്ഐയിൽനിന്നു പുറത്താക്കി. മറ്റു നടപടികളെക്കുറിച്ച് ചൊവ്വാഴ്ച ചേരുന്ന ഡിവൈഎഫ്ഐ ജില്ലാ നേതൃയോഗത്തിൽ തീരുമാനമെടുക്കും”

