മോദി രാജ്യത്ത് അഴിമതിയുടെ സ്കൂളാണ് നടത്തുന്നത്; ഇന്ത്യ മുന്നണിയുടെ സര്‍ക്കാര്‍ അത് പൂട്ടും: രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് അഴിമതിയുടെ സ്കൂളാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുല്‍ ഗാന്ധി. കറപ്ഷൻ സയൻസ്’ വിഷയത്തില്‍ ‘ഡൊണേഷൻ ബിസിനസ്’ ഉള്‍പ്പെടെ എല്ലാ ചാപ്റ്ററുകളും അദ്ദേഹം വിശദമായി പഠിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി കടുത്ത ഭാഷയില്‍ മോദിയെ വിമർശിച്ചത്.
‘അതുപോലെ, എങ്ങനെയാണ് റെയ്ഡ് വഴി സംഭാവനകള്‍ ശേഖരിക്കുന്നത്? എങ്ങനെയാണ് സംഭാവനകള്‍ ശേഖരിച്ചതിന് ശേഷം കരാറുകള്‍ വിതരണം ചെയ്യുന്നത്? എങ്ങനെയാണ് അഴിമതിക്കാരുടെ കറകളെ കഴുകിക്കളയുന്ന വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നത്? ഏജൻസികളെ റിക്കവറി ഏജന്റുകളാക്കി എങ്ങനെയാണ് ‘ബെയില്‍ ആന്റ് ജെയില്‍’ ഗെയിം കളിക്കുന്നത്?’ -എന്നീ വിഷയങ്ങളും പഠിപ്പിക്കും രാഹുല്‍ എക്സില്‍ കുറിച്ചു ബി.ജെ.പി അഴിമതിക്കാരുടെ ഗുഹയായി മാറി.
ഇന്ത്യ മുന്നണിയുടെ സർക്കാർ അഴിമതിയുടെ ഈ സ്കൂള്‍ പൂട്ടുമെന്നും ഇത് എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ അഴിമതിയിലെ ജേതാവാണ് മോദിയെന്നും ഇലക്ടറല്‍ ബോണ്ട് ലോകത്തെ തന്നെ ഏറ്റവും വലിയ കൊള്ളയടിക്കല്‍ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കള്ളപ്പണം തടയലാണ് ഇലക്ടറല്‍ ബോണ്ടിന്റെ ലക്ഷ്യമെന്നാണ് മോദി പ്രതികരിച്ചത്.

