മോഖ ചുഴലിക്കാറ്റ്: മ്യാന്മറില് റോഹിങ്ക്യന്‍ മുസ്ലിംകളുടെ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ മോഖ ചുഴലിക്കാറ്റ് വീശിയടിച്ചതോടെ ഉണ്ടായ ദുരന്തത്തില്‍, പീഡിത ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്ലിംകളുടെ മൃതദേഹങ്ങള്‍ മ്യാന്മറിലെ റാഖൈന്‍ സംസ്ഥാനത്ത് കുന്നുകൂടുന്നതായി കുടുംബങ്ങളും സഹായ ഏജന്‍സികളും അറിയിച്ചു. ദുരന്തം നടന്ന് അഞ്ച് ദിവസത്തിന് ശേഷവും മരണപ്പെട്ടവരുടെ എണ്ണം കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ല. മരണസംഖ്യ 145 കവിഞ്ഞതായാണ് രാജ്യത്തെ സൈനിക ഗവണ്മെന്റ് പറയുന്നത്. എന്നാല്‍ ഇതിലേറെ പേര് മരണപ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് റോഹിങ്ക്യകള്‍ തുറമുഖ പട്ടണമായ സിറ്റ്വെയ്ക്ക് സമീപമുള്ള വൃത്തിഹീനമായ ക്യാമ്ബുകളിലാണ് താമസിക്കുന്നത്. ഇവിടെയാണ് കൊടുങ്കാറ്റ് ദുരിതം വിതച്ചത്. മ്യാന്മറിലും അയല്‍രാജ്യമായ ബംഗ്ലാദേശിലും കനത്ത മഴയോടൊപ്പം മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച മോഖ ചുഴലിക്കാറ്റ് മെയ് 14 ന് സിറ്റ്വെയിലെത്തുകയായിരുന്നു. ഒരു ദശാബ്ദത്തിനിടയിലെത്തിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് തുറമുഖ പട്ടണത്തില്‍ പാലങ്ങള്‍ നശിപ്പിച്ചും മരങ്ങള്‍ പിഴുതെറിഞ്ഞും കെട്ടിടങ്ങളുടെ മേല്‍ക്കൂര തകര്‍ത്തെറിഞ്ഞും വന്‍ നാശം വിതച്ചു. ആയിരക്കണക്കിന് റോഹിങ്ക്യന്‍ അടച്ചുറപ്പില്ലാത്ത വീടുകള്‍ ഒലിച്ചുപോയി. ‘മുകളില്‍ നിന്ന് ആരോ ഞങ്ങളുടെ മേല്‍ ബോംബ് വര്‍ഷിച്ചതുപോലെയാണ് കൊടുങ്കാറ്റ് വീശിയത്, തൊണ്ണൂറു ശതമാനം വീടുകളും തകര്‍ന്ന നിലയിലാണ്’ റോഹിങ്ക്യന്‍ വംശജനായ സദക് ഹുസൈന് (28) ദി നാഷണലെന്ന മാധ്യമത്തോട് പറഞ്ഞു. ‘ഞങ്ങള്‍ സ്വന്തം കൈകൊണ്ട് കുഴിമാടങ്ങള്‍ കുഴിക്കുകയാണ്. ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ തന്നെ 400 ലധികം മൃതദേഹങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തി,” ഡാര്‍പെയിന്‍ ഗ്രാമത്തിലെ താമസക്കാരനായ ഹുസൈന് പറഞ്ഞു. മ്യാന്മറിലെ സൈനിക ഗവണ്മെന്റ് ആദ്യം പറഞ്ഞത് ഏഴ് പേര് കൊല്ലപ്പെട്ടുവെന്നായിരുന്നു. പിന്നീട് സംഖ്യ കൂട്ടുകയായിരുന്നു. ചുഴലിക്കാറ്റില്‍ 145 പ്രദേശവാസികള്‍ കൊല്ലപ്പെട്ടുവെന്നാണ് അവര്‍ വെള്ളിയാഴ്ച പറഞ്ഞത്. കൊല്ലപ്പെട്ടവരില്‍ നാല് സൈനികരും 24 തദ്ദേശവാസികളും 117 ബംഗാളികളും ഉള്‍പ്പെടുന്നുവെന്നും പറഞ്ഞു. റോഹിങ്ക്യകളെ കുറിച്ച് ഗവണ്മെന്റ് ഉപയോഗിക്കുന്ന പദമാണ് ബംഗാളികളെന്നത്. റോഹിങ്ക്യന്‍ മുസ്ലിംകളെ രാജ്യത്തെ ഒരു വിഭാഗമായി മ്യാന്മര് ഭരണകൂടം അംഗീകരിക്കുന്നില്ല, അവരെ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. പൗരത്വം നിഷേധിക്കപ്പെടുന്ന റോഹിങ്ക്യകള്‍ക്ക് രാജ്യത്ത് വിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും അവകാശമില്ല. 2017-ല്‍ മ്യാന്മര് സൈന്യത്തിന്റെ മാരകമായ അടിച്ചമര്‍ത്തലില്‍ 700,000 റോഹിങ്ക്യകള്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. ‘വംശീയ ഉന്മൂലനത്തിന്റെ പാഠപുസ്തക കേസ്’ എന്ന് യുഎന്‍ വിശേഷിപ്പിച്ച സംഭവത്തിലെ കൂട്ടക്കൊല, ബലാത്സംഗം, അക്രമം എന്നിവയുടെ തെളിവുകള്‍ കണ്ടെത്തപ്പെട്ടിരുന്നു. ബംഗ്ലാദേശിലെ കോക്സ് ബസാറിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്ബുകളില്‍ ചുഴലിക്കാറ്റ് നാശം വിതച്ചെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനകം തന്നെ ഭയാനകമായ സാഹചര്യങ്ങളിലും സഞ്ചാര സ്വാതന്ത്ര്യമില്ലാതെയും ജീവിക്കുന്ന ഒരു സമൂഹത്തിന് കൊടുങ്കാറ്റിന്റെ ആഘാതം വിനാശകരമാണെന്ന് ഹുസൈന് പറഞ്ഞു. 5.4 ദശലക്ഷത്തിലധികം ആളുകള്‍ റാഖൈനില്‍ ചുഴലിക്കാറ്റ് നാശം വിതച്ചയിടങ്ങളിലുണ്ടെന്നും 3.2 ദശലക്ഷം ആളുകള്‍ക്ക് മാനുഷിക സഹായം ആവശ്യമാണെന്നും യുഎന്‍ കണക്കാക്കുന്നു. അതേസമയം, റോഹിങ്ക്യകളെ ഐഡിപി ക്യാമ്ബുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് മ്യാന്മറിലെ ജനാധിപത്യ അനുകൂല ദേശീയ ഐക്യ സര്‍ക്കാര്‍ ആരോപിച്ചു. റോഹിങ്ക്യകളെ പീഡിപ്പിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ് ചുഴലിക്കാറ്റിനെ അവര്‍ കണ്ടതെന്ന് ഷാഡോ ഗവണ്മെന്റിന്റെ മനുഷ്യാവകാശ ഉപദേഷ്ടാവ് ഓങ് ക്യാവ് മോ ദി നാഷണലിനോട് പറഞ്ഞു.

