ബിജെപി മേയറുടെ മരുമകന്‍ 47 ലക്ഷത്തിന്റെ ഭൂമി രാമക്ഷേത്ര ട്രസ്റ്റിന് വിറ്റത് 3.5 കോടിക്ക്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകളിൽ വിവാദം പുകയുന്നു. 47 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് പ്ലോട്ട് ഭൂമി രാമക്ഷേത്ര ട്രസ്റ്റിന് 3.5 കോടി രൂപയ്ക്ക് വിറ്റ ഇടപാടാണ് പുതിയ വിവാദം. നേരത്തെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്ക് പുറമെയാണിത്. ഇന്ത്യ ടുഡേയാണ് ഭൂമി വിൽപനയുടെ രേഖകൾ സഹിതം റിപ്പോർട്ട് ചെയ്തിരിക്കുന്നത് 20 ലക്ഷത്തിന്റേയും 27 ലക്ഷത്തിന്റേയും പ്ലോട്ടുകളാണ് യഥാക്രമം 2.5 കോടിക്കും ഒരു കോടി രൂപയ്ക്കുമായി രാമക്ഷേത്ര ട്രസ്റ്റിന് വിൽപന നടത്തിയത്. ഈ പ്ലോട്ടുകൾ വിൽപന നടത്തിയത് ബിജെപി നേതാവും അയോധ്യ മേയറുമായ ഋഷികേഷ് ഉപാധ്യായയുടെ മരുമകൻ ദീപ് നാരായൺ ആണെന്ന് റിപ്പോർട്ട് പറയുന്നു 890 ചതുരശ്ര മീറ്ററുള്ള ഈ ഭൂമി ഫെബ്രുവരി 20ന് ദേവേന്ദ്ര പ്രസാദ് എന്നയാളിൽ നിന്ന് 20 ലക്ഷം രൂപയ്ക്കാണ് ദീപ് നാരായൺ വാങ്ങിയത്. ഈ പ്രദേശത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് 20 ലക്ഷം എന്നത്. 35.6 ലക്ഷം രൂപ വരെയാണ് ഈ ഭൂമിയുടെ മതിപ്പ് വിലയെന്ന് കണക്കാക്കുന്നു. എന്നാൽ മെയ് 11-ന് ഈ ഭൂമി ദീപ് നാരായൺ രാമക്ഷേത്ര ട്രസ്റ്റിന് വിൽക്കുകയുണ്ടായി. 2.5 കോടി രൂപയ്ക്കാണ് വിൽപന നടത്തിയത്. രണ്ടു മാസം കൊണ്ടാണ് ഭൂമിയുടെ വില 20 ലക്ഷത്തിൽ നിന്ന് 2.5 കോടി ആയി മാറിയത്. ദീപ് നാരായൺ അയോധ്യ ട്രസ്റ്റിന് വിറ്റ മറ്റൊരു പ്ലോട്ട് ഭൂമി 676.86 ചതുരശ്ര മീറ്റർ വരും. ഫെബ്രുവരി 20-ന് ഇയാൾ രാമക്ഷേത്ര ട്രസ്റ്റിന് ഈ ഭൂമി വിറ്റത് ഒരു കോടി രൂപയ്ക്കാണ്. പ്രദേശത്തെ ഭൂമിയുടെ മതിപ്പ് വില അനുസരിച്ച് കണക്കുകൂട്ടിയാൽ ഈ ഭൂമിയുടെ വില 27.08 ലക്ഷം രൂപ മാത്രമാണ്. രണ്ട് ഇടപാടുകൾക്കും സാക്ഷ്യം വഹിച്ചത് ട്രസ്റ്റ് അംഗമായ അനിൽ മിശ്രയാണ്. നേരത്തെ ഉയർന്ന ആരോപണം ക്ഷേത്രനിർമ്മാണത്തിനായി നടത്തിയ ഭൂമി വിൽപനയിൽ അഴിമതി ആരോപിച്ച് നേരത്തെ സമാജ് വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും രംഗത്തുവന്നിരുന്നു. രണ്ടു കോടി വിലമതിക്കുന്ന ഭൂമി അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് 18.5 കോടി രൂപയ്ക്ക് വാങ്ങിയതിൽ എസ്പി നേതാവും മുൻ മന്ത്രിയുമായ പവൻ പാണ്ഡെയും എഎപി എംപി സഞ്ജയ് സിങും സിബിഐ, ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടു.

