KSDLIVENEWS

Real news for everyone

അഗ്നിപഥ്: അറസ്റ്റിലായവരുടെ വിവരങ്ങള്‍ തേടി കേന്ദ്രം, ഭാരത് ബന്ദ് ആഹ്വാനത്തില്‍ അതീവ ജാഗ്രത

SHARE THIS ON

ദില്ലി: അഗ്നിപഥ് പ്രതിഷേധത്തില്‍ അറസ്റ്റിലായവരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കും. പ്രതിഷേധത്തിന്‍്റെ ഭാഗമായി സംസ്ഥാനങ്ങള്‍ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിര്‍ദ്ദേശം. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്ക് അഗ്നിപഥില്‍ പ്രവേശനം നല്‍കില്ലെന്ന തീരുമാനത്തിന്‍്റെ ഭാഗമായാണ് നടപടി. രാജ്യത്തേറ്റവും കൂടുതല്‍ പേര്‍ അഗ്നിപഥ് പ്രതിഷേധത്തിന്‍്റെ പേരില്‍ അറസ്റ്റിലായത് ബിഹാറിലാണ്. രാജ്യത്താകെ 1313 പേരാണ് അറസ്റ്റിലായത്. ഇതില്‍ 805 പേരും ബിഹാറില്‍ നിന്നാണ്.


അഗ്നിപഥിനെതിരെ ഉദ്യോഗാര്‍ത്ഥികളുടെ വിവിധ കൂട്ടായ്മകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന യുപി , ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് സുരക്ഷ കൂട്ടി. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ് അറിയിച്ചു. ജാര്‍ഖണ്ഡില്‍ സ്കൂളുകള്‍ അടച്ചിടും. അതേസമയം കരസേനയിലെ അഗ്നിപഥ് കരട് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും.


അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെ വിവിധ ഉദ്യോഗാര്‍ഥികളുടെ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള ‘ഭാരത് ബന്ദ്’ കേരളത്തിലും ശക്തമാക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം ഇന്നലെയുണ്ടായിരുന്നു. ഇതോടെ പൊലീസിനോട് മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെയും കടകള്‍ അടപ്പിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യണം. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ എസ് ആര്‍ ടി സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കണം. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. അര്‍ധ രാത്രി മുതല്‍ പ്രധാന സ്ഥലങ്ങളില്‍ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണം ഏകോപ്പിക്കുമെന്നും ഡിജിപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!