KSDLIVENEWS

Real news for everyone

വിലാപയാത്രയിൽ രാഹുല്‍ഗാന്ധി, ഒരുനോക്കുകൂടി കാണാൻ ആന്റണി; വികാരനിർഭരം യാത്രാമൊഴി

SHARE THIS ON

കോട്ടയം: ഏത് അര്‍ധരാത്രിയിലും പരാതി പറയാനെത്തുന്നവരെ കാണാന്‍ ഇനി ഉമ്മന്‍ചാണ്ടിയില്ല. അവരുടെ പരിഭവങ്ങള്‍ കേള്‍ക്കില്ല, പരാതികള്‍ക്ക് പരിഹാരം കാണാന്‍ പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ ഇനി ആ മനുഷ്യനില്ല. മറുതലയ്ക്കല്‍നിന്ന് ‘ഹലോ ഉമ്മന്‍ചാണ്ടിയാണേ…’ എന്ന പരിചയപ്പെടുത്തലില്‍ ഇനി ആരേയും ആ ഫോണ്‍കോളുകള്‍ എത്തില്ല. വിശ്രമമറിയാതെ ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച ജനനായകന് ഇനി തന്റെ പ്രിയപ്പെട്ട പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലേക്കുള്ള അവസാനയാത്രയില്‍ ആദരമര്‍പ്പിക്കാന്‍ പ്രമുഖരുടെ നീണ്ടനിരതന്നെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ എത്തി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഏഴരയോടെ തന്നെ പുതുപ്പള്ളി പള്ളിയിലെത്തി. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുവരുന്നത് വരെ ഒരുമണിക്കൂറോളം അദ്ദേഹം കാത്തിരുന്നു. തുടര്‍ന്ന് അദ്ദേഹം വിലാപയാത്രയ്‌ക്കൊപ്പം ചേര്‍ന്നാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നിടത്തേക്ക് എത്തിയത്. രാഹുലിനെ കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ സജി ചെറിയാന്‍, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, പി. പ്രസാദ്, റോഷി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസ്‌കാരചടങ്ങുകള്‍ക്കായി പള്ളിയിലെത്തിയിരുന്നു. സര്‍ക്കാരിനുവേണ്ടി മന്ത്രിമാര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയാവാനെത്തി. മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളില്‍നിന്നുള്ള നേതാക്കളും ഇവിടെയെത്തിയിരുന്നു. ഭാര്യ എലിസബത്ത് ആന്റണിക്കൊപ്പമാണ് എ.കെ. ആന്റണി പള്ളിയിലെത്തിയത്. രാഷ്ട്രീയ- സാംസ്‌കാരിക- സാമൂഹിക രംഗത്തെ മറ്റ് പ്രമുഖരും സെയന്റ് ജോര്‍ജ് പള്ളി അങ്കണത്തിലേക്ക് എത്തി. സിനിമാതാരം ഭാമയും അദ്ദേഹത്തെ കാണാനായി പുതുപ്പള്ളിയില്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!