ടാറ്റ കോവിഡ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റ് ആശുപത്രിക്കായി ആരോഗ്യ വകുപ്പിന് ഭൂമി കൈമാറി ഉത്തരവ്

ചട്ടഞ്ചാൽ ∙ ടാറ്റ കോവിഡ് ആശുപത്രിയുടെ 4.12 ഏക്കർ സ്ഥലം ക്രിട്ടിക്കൽ കെയർ യൂണിറ്റ് ആശുപത്രിയാക്കുന്നതിനായി റവന്യു വകുപ്പിൽ നിന്ന് വ്യവസ്ഥകൾക്കു വിധേയമായി ആരോഗ്യ വകുപ്പിന് കൈമാറി സർക്കാർ ഉത്തരവിറങ്ങി. ഇനി സ്ഥലം ആരോഗ്യ വകുപ്പിനു വിട്ടു നൽകുന്നതിനുള്ള നടപടികൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടക്കും. കോവിഡ് കാലത്ത് ടാറ്റ ട്രസ്റ്റിന്റെ സിആർഎസ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തെക്കിൽ വില്ലേജിലെ സ്ഥലത്ത് 6 ബ്ലോക്കുകളിയായി 128 പ്രീഫാബ്രിക്കേറ്റഡ് സ്ട്രച്ചറിലുള്ള കണ്ടെയ്നറുകൾ പണിതു കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള ആശുപത്രി ആരംഭിച്ചത്.എന്നാൽ പിന്നീട് ഈ നിർമാണങ്ങളെല്ലാം ഉപയോഗിക്കാതെയും പരിപാലിക്കാതെയും നശിച്ച നിലയിലാണ്. തുടർന്ന് ടാറ്റ ആശുപത്രിയെ ക്രിട്ടിക്കൽ കെയർ യൂണിറ്റ് ആശുപത്രിയായി ഉയർത്താനുള്ള നടപടി ആരോഗ്യവകുപ്പ് പ്രഖ്യാപിക്കുകയും 23.75 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ റവന്യു ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ടാറ്റ കോവിഡ് ആശുപത്രി ആരോഗ്യ വകുപ്പിന് കൈമാറി നൽകിയിരുന്നില്ല. ഈ ഭൂമി ആരോഗ്യ വകുപ്പിനു കൈമാറി കിട്ടാൻ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ കലക്ടറേറ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് ഇതിനുള്ള പ്രപ്പോസൽ സർക്കാരിലേക്കു സമർപ്പിച്ചു. ഈ വിഷയം തുടർന്ന് മുഖ്യമന്ത്രിയുടെയും റവന്യു-ആരോഗ്യവകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് സെപ്റ്റംബർ 16ന്റെ ഉത്തരവ് പ്രകാരം ഈ ഭൂമി രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾക്കു വിധേയമായി ആരോഗ്യ വകുപ്പിന് കൈമാറി നടപടിയായി. 4.2 ഏക്കർ സ്ഥലവും 23.75 കോടി രൂപയും 191 തസ്തികകളും ചട്ടഞ്ചാൽ ടാറ്റ ആശുപത്രിയിൽ നേരത്തേ സർക്കാർ അനുമതിയായതാണ്.ക്രിട്ടിക്കൽ കെയർ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള കെട്ടിടം സജ്ജമാക്കുകയാണ് അടുത്ത ഘട്ടം.ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് കമ്പനിയെയാണ് ഇതിന്റെ ഡിപിആർ തയാറാക്കാൻ ഏൽപ്പിച്ചിട്ടുള്ളത്.ഡിപിആറും തുടർ നടപടികളും ത്വരിതപ്പെടുത്താൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായി സി.എച്ച്. കുഞ്ഞമ്പു എംഎൽഎ അറിയിച്ചു

