KSDLIVENEWS

Real news for everyone

യുഎഇയിൽ ഭക്ഷണം പാഴാക്കിയാൽ പിഴ; മുന്നറിയിപ്പുമായി അധികൃതർ

SHARE THIS ON

അബുദാബി: യുഎഇയിൽ ഭക്ഷണം പാഴാക്കുന്ന  വീടുകൾക്ക് പിഴ ചുമത്തുന്നത് പരിഗണനയിൽ. ശരാശരി 60% ഭക്ഷണവും വലിച്ചെറിയുന്നതു കുടുംബങ്ങളാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് ഭക്ഷണനഷ്ടവും പാഴാക്കുന്നതും കുറയ്ക്കുന്ന പദ്ധതി നിഅ്മയുടെ മേധാവി ഖുലൂദ് ഹസൻ അൽ നുവൈസ് പറഞ്ഞു. 


രാജ്യത്ത് ഭക്ഷണം പാഴാക്കുന്നതിന്റെ അളവ് ആഗോള ശരാശരിയെക്കാൾ ഇരട്ടിയാണ്. വർഷത്തിൽ 600 കോടി ദിർഹത്തിന്റെ ഭക്ഷണം യുഎഇയിൽ പാഴാക്കുന്നെന്നാണ് കണക്ക്. 2020ലെ ഭക്ഷ്യ സുസ്ഥിര സൂചിക അനുസരിച്ച് യുഎഇയിൽ ഒരു വ്യക്തി വർഷത്തിൽ ശരാശരി 224 കിലോ ഭക്ഷണം പാഴാക്കുന്നു. ഇത് യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവയെക്കാൾ ഇരട്ടിയാണ്. 

ജല,വൈദ്യുതി ഉപയോഗത്തിന്റെ മാതൃകയിൽ, ഉൽപാദിപ്പിക്കുന്ന മാലിന്യത്തിന്റെ തോത് അനുസരിച്ച് ഫീസ് അടയ്ക്കേണ്ടി വരുമ്പോൾ ജനം സ്വയം ബോധവാന്മാരാകുകയും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. 

ഇതുസംബന്ധിച്ച് രാജ്യവ്യാപകമായി ബോധവൽക്കരണവും നടത്തും. 2030ൽ ഭക്ഷണം പാഴാക്കുന്നത് 50% കുറയ്ക്കുകയാണ് ലക്ഷ്യം. യുഎഇയിലെ ഗാർഹിക മാലിന്യങ്ങൾ കുറയ്ക്കുന്നതിന് വീടുകൾക്ക് വലിയ പങ്കുണ്ടെന്ന്  കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രിയും ഭക്ഷ്യസുരക്ഷാ സഹമന്ത്രിയുമായ മറിയം അൽ മെഹൈരി പറഞ്ഞു. രാജ്യത്ത് ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിന് ജൂണിൽ എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി കരാർ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ച് റസ്റ്ററന്റുകൾ, ഭക്ഷണ ശാലകൾ, ഹോസ്പിറ്റാലിറ്റി മേഖല എന്നിവയിൽനിന്ന് മിച്ചമുള്ള ഭക്ഷണം ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!