KSDLIVENEWS

Real news for everyone

54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു; ഗോവയില്‍ ഇനി സിനിമാക്കാലം

SHARE THIS ON



പനാജി: 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വർണ്ണാഭമായ തുടക്കം. നവംബർ 20 മുതൽ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങുകൾ തിങ്കളാഴ്ച വെെകിട്ട് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്നു.


കേന്ദ്ര വാർത്താവിതരണമന്ത്രി അനുരാഗ് ഠാക്കൂറും കേന്ദ്ര വാർത്താ വിനിമയ സഹമന്ത്രി എൽ. മുരുകനും ചേർന്ന് ദീപം തെളിയിച്ചുകൊണ്ടാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. ‘വസുധൈവ കുടുംബകം’ എന്ന ആശയത്തിലൂന്നിയതാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയെന്ന് അനുരാഗ് ഠാക്കൂർ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സ്വാഗത പ്രസംഗം നടത്തി.

അഭിനേതാക്കളായ മാധുരി ദീക്ഷിത്, വിജയ് സേതുപതി, പങ്കജ് ത്രിപാഠി, സണ്ണി ഡിയോൾ, സാറ അലിഖാൻ, ഷാഹിദ് കപൂർ, നിർമാതാവും സംവിധായകനുമായ കരൺ ജോഹർ, സംഗീത സംവിധായകൻ ശന്തനു മൊയ്ത്ര, ഗായകരായ ശ്രേയ ഘോഷാൽ, സുഖ് വീന്ദർ സിങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഹോളിവുഡ് നടനും നിർമാതാവുമായ മൈക്കിൾ ഡഗ്ലസിനു സമ്മാനിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് നടി മാധുരി ദീക്ഷിത്തിന് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.



ബ്രിട്ടനിൽ നിന്നുള്ള ‘ക്യാച്ചിങ് ഡസ്റ്റ്’ ആയിരുന്നു ഉദ്ഘാടന ചിത്രം. സ്റ്റുവർട്ട് ഗാട്ട് സംവിധാനം ചെയ്തിരിക്കുന്ന ക്യാച്ചിങ് ഡസ്റ്റ്, അസൂയയും വെറുപ്പും മത്സരബുദ്ധിയും മനുഷ്യബന്ധങ്ങളിലുണ്ടാക്കുന്ന സങ്കീർണതകളെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണ്. ചിത്രകാരിയായ ജീനയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കൊടും കുറ്റവാളിയായ ക്ലെെഡാണ് അവളുടെ പങ്കാളി. തന്നെ എല്ലായ്പ്പോഴും നിയന്ത്രിക്കുന്ന, അനുസരിപ്പിക്കാൻ ശ്രമിക്കുന്ന പങ്കാളിയെ ജീനയ്ക്ക് എപ്പോഴോ മടുത്തിരുന്നു. ഈ ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കാതൽ.

അതേസമയം, ഇന്ത്യൻ പനോരമയ്ക്ക് ചൊവ്വാഴ്ച തുടക്കമാകും. ആനന്ദ് ഏകാർഷി സംവിധാനം ചെയ്ത ‘ആട്ട’മാണ് (മലയാളം) പനോരമയിലെ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. രോഹിത് എം.ജി. കൃഷ്ണന്റെ ‘ഇരട്ട’, ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി, ജ്യോതിക എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാതൽ’, വിഷ്ണു ശങ്കർ സംവിധാനം ചെയ്ത ‘മാളികപ്പുറം’, രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’, ഗണേഷ് രാജിന്റെ ‘പൂക്കാലം’ എന്നിവയാണ് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ. കൂടാതെ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ കന്നഡ ചിത്രം ‘കാന്താര’, വിവേക് അഗ്‌നിഹോത്രിയുടെ ‘വാക്സിൻ വാർ’, വെട്രിമാരന്റെ ‘വിടുതലൈ’ എന്നിവയും പ്രദർശിപ്പിക്കും.

സംവിധായകൻ ശേഖർ കപൂറാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയർമാൻ. പതിനഞ്ച് സിനിമകളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്. ഋഷഭ് ഷെട്ടിയുടെ കാന്താര, സുധാൻഷു സരിയ സംവിധാനം ചെയ്ത സനാ, മൃണാൽ ഗുപ്തയുടെ മിർമീൻ എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ഇന്ത്യൻ സിനിമകൾ. ജോർജിയോ ദിമിത്രി സംവിധാനം ചെയ്ത ലൂബോ, കനേഡിയൻ ചിത്രം അസോങ് തുടങ്ങിയ ചിത്രങ്ങൾ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തും.

ഇൻകോൺവർസേഷൻ വിഭാഗത്തിൽ ‘ദ ആർച്ചീസ് മേയ്ഡ് ഇൻ ഇന്ത്യ’ എന്ന വിഷത്തിൽ സോയ അക്തർ, റീമ കാർഗിൽ, ജോൺ ഗോൾഡ് വാട്ടർ, ശരത് ദേവ് രാജൻ, രുചിക കപൂർ എന്നിവർ സംസാരിക്കും.


പുതിയ തലമുറയിലെ സിനിമാ പ്രതിഭകളെ കണ്ടെത്താനായി യങ് ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമാറോ പദ്ധതിയുടെ 75 വിജയികളെ മേളയിൽ പ്രഖ്യാപിക്കും. നാൽപ്പതിലേറെ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇത്തവണ വ്യത്യസ്ത വിഭാഗങ്ങളിൽ പ്രദർശനത്തിനെത്തുന്നത്. ആദ്യമായി ഏറ്റവും മികച്ച വെബ് സീരീസിനും പുരസ്കാരമുണ്ട്. കാഴ്ച ശക്തിയും കേൾവി ശക്തിയും ഇല്ലാത്തവർക്ക് പ്രത്യേക പ്രദർശനം ഉണ്ടായിരിക്കും. അമേരിക്കൻ ചിത്രം ‘ദ ഫെതർ വെയ്റ്റാണ്’ സമാപനചിത്രം.

മത്സരവിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവർണ മയൂരവും നാൽപ്പത് ലക്ഷം രൂപയും പുരസ്കാരമായി ലഭിക്കും. മികച്ച സംവിധായിക / സംവിധായകൻ, മികച്ച നടി, നടൻ, മികച്ച നവാഗത സംവിധായിക / സംവിധായകൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പുരസ്കാരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!