KSDLIVENEWS

Real news for everyone

വാരിയന്‍ കുന്നനെ സ്വന്തമാക്കാന്‍ ജമാഅത്തെ ഇസ്‌ലാമി ശ്രമം – എ.വിജയരാഘവന്‍

SHARE THIS ON

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഒരു വിഭാഗത്തിന്റെ ആളാക്കി മാറ്റാന്‍ ജമാ-അത്തെ ഇസ്‌ലാമിയെ പോലുള്ളവര്‍ ശ്രമം നടത്തുന്നതായി സി.പിഎം നേതാവ് എ.വിജയരാഘവന്‍.ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ധീര രക്തസാക്ഷിത്വം വരിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രത്തെ പോലും വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഇപ്പോള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞുഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ജനുവരി 20, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ധീര രക്തസാക്ഷിത്വത്തിന് ഒരു നൂറ്റാണ്ട് തികയുകയാണ്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാടെന്ന ഗ്രാമത്തില്‍ ജനിച്ച അദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂ. ബ്രിട്ടീഷ് വിരുദ്ധ പ്രചാരണം നടത്തിയതിന്റെ പേരില്‍ പലതവണ ഒളിവു ജീവിതം നയിക്കേണ്ടിവന്ന അദ്ദേഹത്തിന്റെ കുടുംബത്തെ തന്നെ ബ്രിട്ടീഷ് ഭരണകൂടം നാമാവശേഷമാക്കി കളഞ്ഞു. ശേഷിക്കുന്ന ബന്ധുക്കളെ നാടുകടത്തി. എന്നാല്‍ തന്റെ പക്കലുള്ള സമ്ബത്തെല്ലാം ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും വീതിച്ചു നല്‍കിക്കൊണ്ട് അദ്ദേഹം വീണ്ടും ബ്രിട്ടനെതിരെ ജനങ്ങളെ സംഘടിപ്പിച്ചു. ഇക്കാലത്താണ് പ്രസിദ്ധമായ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കുന്നത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍, കൊന്നാര മുഹമ്മദ് കോയ തങ്ങള്‍, കുമരംപുത്തൂര്‍ സീതിക്കോയ തങ്ങള്‍, ചെമ്ബ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍ എന്നിവരായിരുന്നു അതിന്റെ പ്രധാന നേതൃത്വം. പിന്നീട് പൂക്കോട്ടൂര്‍ മുതല്‍ മമ്ബുറം വരെയുള്ള വിവിധ പ്രദേശങ്ങളില്‍ ബ്രിട്ടനെതിരെ കലാപം നടന്നു. കുടിയാന്മാരും മാപ്പിളമാരും സംഘടിതമായാണ് ബ്രിട്ടനെതിരെ പോരാടിയത്.

ബ്രിട്ടീഷുകാരോടെതിര്‍ത്ത് അദ്ദേഹം സ്ഥാപിച്ച രാജ്യത്തിന്റെ പേര് ‘മലയാള രാജ്യം’ എന്നായിരുന്നു. ‘ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താല്‍ ഞാന്‍ അവരെ ശിക്ഷിക്കും. ഇത് മുസല്‍മാന്മാരുടെ രാജ്യമാക്കാന്‍ ഉദ്ദേശ്യമില്ല. ഹിന്ദുക്കളെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനില്‍ ചേര്‍ക്കരുത്. അവരുടെ സ്വത്തുക്കള്‍ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ് ‘ എന്നാണ് അദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞത്.

കുറ്റവിമുക്തനാക്കാമെന്നും ശേഷിച്ചകാലം മക്കയില്‍ പോയി ജീവിക്കാന്‍ സഹായിക്കാം എന്നും പറഞ്ഞ ബ്രിട്ടീഷുകാരോട് അദ്ദേഹം പറഞ്ഞത്, ‘ഞാന്‍ മക്കയെ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഞാന്‍ പിറന്നത് മക്കയിലല്ല. വീരേതിഹാസങ്ങള്‍ രചിച്ച ഈ ഏറനാടിന്റെ മണ്ണിലാണ്. ഇതാണെന്റെ നാട്. ഈ മണ്ണില്‍ തന്നെ മരിച്ചു വീണ് ഈ മണ്ണില്‍ അടങ്ങണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതും’ എന്നാണ്.

ഒടുവില്‍ നിസ്‌കാര സമയത്ത് ചതിയിലൂടെയാണ് അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ കീഴടക്കുന്നത്. മീശയിലെ ഓരോ രോമങ്ങളും പിഴുതെടുത്ത്, തോക്കിന്‍ മുന കൊണ്ട് കുത്തി വലിച്ചിഴച്ച്‌ കൊണ്ടുപോയി കോട്ടക്കുന്നില്‍ വച്ച്‌ വധശിക്ഷ നടപ്പാക്കുമ്ബോള്‍ ‘കണ്ണു കെട്ടാതെ മുന്നില്‍ നിന്ന് വെടി വയ്ക്കണം’ എന്ന ആവശ്യമാണ് ആ ഉജ്ജ്വല പോരാളി ഉന്നയിച്ചത്.

ത്യാഗനിര്‍ഭരമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ധീര രക്തസാക്ഷിത്വം വരിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രത്തെ പോലും വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. സാമൂഹ്യനീതിയും സമത്വവും ഉറപ്പ് വരുത്തി അനീതിയും അടിമത്തവും ഇല്ലാതാക്കാന്‍ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് ജീവന്‍ നല്‍കിയ ധീര ദേശാഭിമാനിയാണ് വാരിയാംകുന്നന്‍. ബ്രിട്ടന് മാപ്പ് എഴുതി നല്‍കി, ബ്രിട്ടനെ സേവിക്കാമെന്ന് ഉറപ്പ് നല്‍കി ജയിലില്‍ നിന്നിറങ്ങി സവര്‍ക്കര്‍, ബ്രിട്ടന് വേണ്ടി ആളെ കൂട്ടിയപ്പോള്‍, ബ്രിട്ടീഷ് വിരുദ്ധ കലാപം നടത്തി വീരമൃത്യു വരിച്ച ദേശസ്‌നേഹിയാണ് വാരിയംകുന്നന്‍. സ്വാതന്ത്ര്യസമരത്തെ ഒറ്റു കൊടുത്ത സംഘപരിവാറിന്റെ വര്‍ഗീയ താല്‍പ്പര്യങ്ങള്‍ പോലെ അപകടകരമാണ് വാരിയംകുന്നനെ പോലെ സാമ്രാജ്യത്വ വിരുദ്ധ വിപ്ലവം സൃഷ്ടിച്ച ധീര ദേശാഭിമാനികളെ തങ്ങളുടേതാക്കാന്‍ സ്വത്വവാദികള്‍ നടത്തുന്ന ശ്രമങ്ങളും.

ആരും പട്ടിണി കിടക്കാത്ത, എല്ലാവരും ഏവരെയും സഹായിക്കുന്ന, ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് നല്‍കുന്ന, അധ്വാനിക്കുന്നവന് ഉചിതമായ പ്രതിഫലം ലഭിക്കുന്ന ഒരു ദേശത്തെ സൃഷ്ടിക്കണം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ വിപ്ലവകാരിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അത്തരം ഒരു ധീര ദേശാഭിമാനിയെ ഒരുവിഭാഗത്തിന്റെ ആളാക്കി മാറ്റാന്‍ ജമാ-അത്തെ ഇസ്ലാമിയെ പോലുള്ളവര്‍ ശ്രമം നടത്തുകയാണിപ്പോള്‍. വാരിയന്‍കുന്നനെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്ന സംഘപരിവാര്‍ അജണ്ട പോലെ തന്നെ അപകടകരമാണ് ഇതും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!